News Desk

2021-05-24 01:53:45 pm IST

തിരുവനന്തപുരം: ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ ചെറുക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ സംഘപരിവാരത്തിന്റെ ദുഷ്ടലാക്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയില്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. സിവില്‍ സര്‍വീസ് പരിചയമില്ലാത്ത പ്രഫുല്‍ പട്ടേല്‍ എന്ന മോദി ആശ്രിതന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണ്. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ദ്വീപ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ദ്വീപില്‍ നിലനിന്നിരുന്ന കൃത്യതയുള്ള കൊവിഡ് മാനേജ്മെന്റിനെ അട്ടിമറിച്ചതിലൂടെ ഗുരുതരമായ സാമൂഹിക സാഹചര്യത്തിലേക്ക് ദ്വീപിലെ ജനങ്ങള്‍ എത്തിയിരിക്കുന്നു. ദിനേന വളരെയധികം കേസുകളും മരണങ്ങളും സംഭവിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു.

ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. അവരുടെ ഭക്ഷണം, സംസ്‌കാരം മറ്റു ആചാര അനുഷ്ടാനങ്ങള്‍ എന്നിവ തകിടം മറിക്കുന്ന ഒരു നയം അധിനിവേശമാണ് എന്നതില്‍ സംശയമില്ല. പല അര്‍ത്ഥത്തിലും ദ്വീപ് ജനത ഗോത്ര സമൂഹം എന്ന നിലക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഗോത്ര സമൂഹങ്ങളുടെ തനത് ജീവിത ശൈലിക്കെതിരെയുള്ള കടന്നുകയറ്റങ്ങള്‍ ക്ഷേമ സങ്കല്‍പ്പങ്ങള്‍ക്ക് ഭൂഷണമല്ല.

ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ സംഘപരിവാരത്തിന്റെ ദുഷ്ടലാക്കുണ്ട് എന്ന ആരോപണങ്ങള്‍ ശക്തമാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയില്‍ ചെറുത്തുതോല്‍പ്പിക്കണം.

#Lakshadweep #savelakshadweep



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top