News Desk

2021-02-25 11:55:12 am IST

ചെന്നൈ: കേരളം ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും പശ്ചിമബംഗാളും. കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്നാട് ഒരാഴ്ച ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

കേരളത്തില്‍നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടിവരും.

കേരളത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ബംഗാള്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു 12 തൊട്ട് ഉത്തരവ് പ്രാബല്യത്തില്‍ വരും. 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വിമാനത്തില്‍ ബംഗാളില്‍ ഇറങ്ങാന്‍ കഴിയൂ. 

മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ണാടകയും ഡല്‍ഹിയും നേരത്തെ ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top