News Desk

2021-03-23 08:44:53 pm IST
ചെന്നൈ: വോട്ടര്‍മാരുടെ വസ്ത്രങ്ങള്‍ അലക്കി വോട്ട് അഭ്യര്‍ത്ഥിച്ച് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി തങ്ക കതിരവനാണ് വ്യത്യസ്ത രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

തിങ്കളാഴ്ച്ച നാഗോറില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ പ്രകടനം. വണ്ടിപ്പേട്ടയില്‍ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു വീട്ടിലെ സ്ത്രീ അലക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പെട്ടത്.

ഉടനെ തന്നെ സ്ത്രീയുടെ സമീപത്ത് ചെന്ന തങ്ക കതിരവന്‍ വസ്ത്രങ്ങള്‍ താന്‍ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട സ്ത്രീ അദ്ദേഹത്തെ വിലക്കിയെങ്കിലും സ്ഥാനാര്‍ത്ഥിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനൊടുവില്‍ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങള്‍ നല്‍കി.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ഇക്കര്യം റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. വാര്‍ത്തക്കൊപ്പം പങ്കുവെച്ച വിഡിയോയില്‍ സോപ്പുവെള്ളത്തില്‍ വസ്ത്രം കുത്തിപ്പിഴിഞ്ഞ് അലക്കുന്ന തങ്ക കതിരവനെ കാണാം. സ്ഥാനാര്‍ഥിയുടെ കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്.

നിലത്ത് കുത്തിയിരുന്ന കതിരവന്‍ ഏതാനും മിനുട്ടുകളോളം അലക്കല്‍ തുടരുകയും ചെയ്തു. അലക്ക് മാത്രമല്ല, അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും അദ്ദേഹം കഴുകി. വോട്ട് തേടിയെത്തിയ സ്ഥാനാര്‍ത്ഥി അലക്കുന്നത് കണ്ട് നാട്ടുകാരും ചുറ്റും കൂടി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കതിരവനും സംഘവും മടങ്ങിയത്.

അമ്മയുടെ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വാഷിങ് മെഷീന്‍ നല്‍കുന്നതായിരിക്കും. വാഷിങ് മെഷീനില്‍ അലക്കിയാല്‍ നമ്മുടെ വീട്ടമ്മമാരുടെ കൈകള്‍ വേദനിക്കില്ല. സര്‍ക്കാര്‍ അത് ഉറപ്പു വരുത്തും. ഇതിന്റെ സൂചനയായിട്ടാണ് തന്റെ പ്രവര്‍ത്തിയെന്നും തങ്ക കതിരവന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top