News Desk

2021-03-18 10:08:27 am IST
ഡോടോമ: ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ് ഔദ്യോഗിക വിവരം. ടാന്‍സാനിയന്‍ വൈസ് പ്രസിഡന്റാണ് മഗുഫുളിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 

കൊവിഡ് മഹാമരിയെ നിസാരമായി കാണുകയും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുച്ഛിക്കുകയും പ്രസിഡന്റ് ജോണ്‍ മഗുഫുളി ചെയ്തിരുന്നതായും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്റാണ് മഗുഫുളി.

ടാന്‍സാനിയന്‍ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നയ്‌റോബിയില്‍ ചികിത്സയിലായിരുന്ന പ്രസിഡന്റിനെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റിയതായി വിവരം കിട്ടിയതായാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.പ്രസിഡന്റിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാര്‍ച്ച് 12ന് ടാന്‍സാനിയന്‍ ഭരണകൂടം തള്ളിയിരുന്നു. 

മഗുഫുളിയെ അവസാനമായി പൊതുവേദിയില്‍ കണ്ടത് ഫെബ്രുവരി 27നാണ്. ഒരു പ്രമുഖ ആഫ്രിക്കന്‍ നേതാവ് നയ്‌റോബിയില്‍ ചികിത്സയിലാണെന്നും വെന്റിലേറ്ററിലാണെന്നും ചില രാഷ്ട്രീയ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് കെനിയന്‍ ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിനെ തുടക്കം മുതല്‍ തന്നെ നിസാരമായി കണ്ട നേതാവാണ് മഗുഫുളി. പ്രാര്‍ഥനയും ആവിപിടിക്കല്‍ പോലുള്ള മാര്‍ഗങ്ങളും കൊണ്ട് ടാന്‍സാനിയക്കാര്‍ക്ക് കൊവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കൊവിഡ് പരിശോധനകളെ പരിഹസിച്ച അദ്ദേഹം ആഫ്രിക്കയുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയാണ് വാക്‌സിനുകളെന്നും ആരോപിച്ചിരുന്നു. മാസ്‌ക് ധാരണത്തേയും അകലം പാലിക്കലിനേയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസം മുതല്‍ കൊവിഡ് ഡേറ്റകള്‍ പരസ്യപ്പെടുത്തുന്നത് ടാന്‍സാനിയ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top