News Desk

2021-11-10 07:28:29 pm IST
ലണ്ടന്‍: മലാല യൂസഫ് സായ് 24-ാം വയസ്സില്‍ ഒരു പാക്കിസ്താനിയെ വിവാഹം ചെയ്തത് ഞെട്ടലുണ്ടാക്കിയതായി ബംഗ്ലാദേശ് വിവാദ സാഹിത്യകാരി തസ്ലീമ നസ്റിന്‍. ട്വിറ്ററിലൂടെയാണ് തസ്ലീമ അഭിപ്രായ പ്രകടനം നടത്തിയത്.

മലാല ഓക്‌സ്‌ഫോര്‍ഡിലേക്ക് പഠനത്തിന് പോയെന്നാണ് താന്‍ കരുതിയതെന്നും അവിടെ വെച്ച് അവര്‍ ഏതെങ്കിലും പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നും ഞാന്‍ വിചാരിച്ചു.

30 വയസ്സിന് മുമ്പ് വിവാഹത്തെ കുറിച്ച് അവര്‍ ചിന്തിക്കരുതായിരുന്നുവെന്നും തസ്ലീമ ട്വിറ്ററില്‍ കുറിച്ചു.

വധഭീഷണിയെ തുടര്‍ന്ന് 1994 ലാണ് തസ്ലീമ സ്വദേശമായ ബംഗ്ലാദേശ് വിട്ടത്. സ്വീഡിഷ് പൗരത്വമുള്ള ഇവര്‍ ഇന്ത്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലായി കഴിയുകയാണ്.

അതേസമയം, താന്‍ വിവാഹിതയായ വിവരം മലാല തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. 

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ച് വളരെ ലളിതമായാണ് വിവാഹ ചടങ്ങ് നടന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ മലാലയെ 2012ലാണ് താലിബാന്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. 

2014ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മലാലക്ക് ലഭിച്ചത്. നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല. 24കാരിയായ മലാല മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടണിലാണ് താമസം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top