News Desk

2021-03-02 11:41:21 am IST
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പല ഭാഗങ്ങളിലും ശക്തമായ തണുപ്പ് തുടരുകയാണ്. പലയിടത്തും താപനില മൈനസ് ഡിഗ്രിയാണ്. മാസങ്ങളായുള്ള അതിശൈത്യം രാജ്യത്തെ വലിയൊരു വിഭാഗം മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അസഹ്യമാക്കിയിരിക്കുകയാണ്.

റോഡുകളും തടാകങ്ങളും വീടുകളുമെല്ലാം മഞ്ഞിലുറഞ്ഞ അവസ്ഥയിലാണ്. കടുത്ത തണുപ്പ് മൂലം പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഭാഗികമായി നിശ്ചലമായ അവസ്ഥയിലായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

വെള്ളം തണുത്തുറഞ്ഞ് ഒരു ശീതകാല വണ്ടര്‍ലാന്‍ഡ് പോലെയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. കാഴ്ച്ചക്ക് മനോഹരമാണെങ്കിലും അമേരിക്കന്‍ ഐക്യനാടുകള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിഭീകരമായ കൊടും ശൈത്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് നയാഗ്ര.

വെള്ളച്ചാട്ടം പൂര്‍ണമായും മരവിച്ച് ഐസായി മാറുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും, മാസങ്ങളായി തുടരുന്ന മൈനസ് ഡിഗ്രി താപനില വെള്ളച്ചാട്ടത്തിലും അതിന്റെ പരിസര പ്രദേശത്തും ഐസ് കട്ടകള്‍ ഉണ്ടാകുന്നതിന് കാരണമായി.

വെള്ളച്ചാട്ടത്തില്‍ രൂപംകൊണ്ട ഹിമവും മനോഹരമായ ഹിമപാളികളും തെല്ലൊരു അവിശ്വസനീയത നിറഞ്ഞ കാഴ്ച്ച തന്നെയാണ്. ഇതാണ് ഇപ്പോള്‍ നയാഗ്രയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതും. പാര്‍ക്കിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് സന്ദര്‍ശകരാണ് പുതിയ കാഴ്ച്ച കാണാന്‍ പ്രതിദിനം എത്തിക്കൊണ്ടിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top