News Desk

2021-05-18 06:13:34 pm IST

ഗുരുഗ്രാം: രാജ്യത്ത് വീണ്ടും ആള്‍കൂട്ട കൊലപാതകം. ഹരിയാനയിലാണ് സംഭവം. ഞായറാഴ്ച രാത്രി മരുന്ന് വാങ്ങാനായി പോവുകയായിരുന്ന ആസിഫ് ഖാന്‍ (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. 

ആയുധധാരികളായ ആള്‍കൂട്ടമാണ് കുറ്റകൃത്യത്തിനു പിന്നില്‍. ഹരിയാനയിലെ നൂഹിലെ ഖേഡ ഖലീല്‍പൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കൊലപാതകം, കലാപം എന്നീ കുറ്റങ്ങള്‍ ചുമത്തി ആറ് പേരെ അറസ്റ്റ് ചെയ്തതായും എട്ടു പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ആസിഫിനെ ആക്രമിക്കുന്നതിന് മുമ്പ് 'ജയ് ശ്രീറാം' മുദ്ര്യാവാക്യം വിളിക്കാന്‍ സംഘം നിര്‍ബന്ധിച്ചതയി പ്രദേശവാസികള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിം പരിശീലകനായ ആസിഫിനെയും ബന്ധുക്കളെയും 15 അംഗ അക്രമിസംഘം പിന്തുടരുകയും അട്ട ഗ്രാമത്തിലെ പ്ലൈവുഡ് ഫാക്ടറിയില്‍വെച്ച് മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെ ബന്ധുക്കള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍, ആസിഫിനെ സോഹ്നയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സോഹ്ന ദേശീയപാതയില്‍ ആസിഫിന്റെ കുടുംബവും ഗ്രാമവാസികളും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കേസിലെ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വ്യക്തിപരമായ ശത്രുതയാണ് കുറ്റകൃത്യത്തിന് കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇരുവിഭാഗങ്ങള്‍ മുമ്പ് ഏറ്റുമുട്ടുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് നൂഹ് എസ്.പി നരേന്ദര്‍ ബിജാര്‍നിയ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top