News Desk

2020-05-22 11:25:10 pm IST


കറാച്ചി: പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A320 യാത്രാവിമാനം കറാച്ചിയില്‍ തകര്‍ന്നു വീണ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

37 പേര്‍ മരിച്ചതായി സിന്ധ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം, ഈ 37 പേരും വിമാനത്തിലുണ്ടായിരുന്നവരാണോ അതോ തകര്‍ന്നുവീണ പ്രദേശത്തുണ്ടായിരുന്നവരാണോ എന്നത് വ്യക്തമല്ല.

രണ്ട് പേര്‍ ജീവനോടെ ഉള്ളതായും ഇവരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെന്നും സിന്ധ് ഇന്‍ഫര്‍മേഷന്‍ മന്ത്രി നാസിര്‍ ഹുസൈന്‍ ഷാ നേരത്തെ അറിയിച്ചിരുന്നു. 

സിന്ധ് സര്‍ക്കാരിന്റെ വക്താവായ മുര്‍താസ വഹാബും ഇക്കാര്യം ട്വീറ്റ് ചെയ്തു. സഫര്‍ മസൂദ്, മുഹമ്മദ് സുബൈര്‍ എന്നിവരാണ് രക്ഷപ്പെട്ടത് എന്നാണ് മുര്‍താസ വഹാബ് പറയുന്നത്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

99 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് അപകട കാരണം. വിമാനത്തിനു സാങ്കേതിക തകരാറുള്ളതായി പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ റൂമിനെ അറിയിക്കുന്ന സംഭാഷണത്തിന്റെ കോക്ക്പിറ്റ് ഓഡിയോ പുറത്തുവന്നിരുന്നു. 

രണ്ട് റണ്‍വേകള്‍ ലാന്‍ഡിംഗിന് സജ്ജമാണെന്ന് എ.ടി.സി അറിയിച്ചെങ്കിലും പൈലറ്റ് പറക്കാനാണ് തീരുമാനിച്ചത് എന്നാണ് പാക്കിസ്താന്‍ എയര്‍ലൈന്‍സ് സി.ഇ.ഒ അര്‍ഷാദ് മാലിക്ക് പറഞ്ഞത്. 

അതേസമയം, വിമാനം രണ്ടോ മൂന്നോ തവണ ലാന്‍ഡിംഗിന് ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ വിമാനം ഒരു മൊബൈല്‍ ടവറിലിടിച്ച് വീടുകള്‍ക്ക് മേല്‍ തകര്‍ന്നുവീഴുകയായിരുന്നു എന്ന് ദൃക്സാക്ഷിയായ ഷക്കീല്‍ അഹമ്മദ് റോയിട്ടേഴ്സിനോട് പറഞ്ഞു. 

അപകടം നടന്നതിന് തൊട്ടുപിന്നാലെ സിന്ധ് ആരോഗ്യ മന്ത്രി അസ്ര പെചുഹോ കറാച്ചിലെ എല്ലാ ഹോസ്പിറ്റലുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Top