News Desk

2021-03-22 05:38:36 pm IST

കൊച്ചി: തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനെതിരായ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈകോടതി. ഇതോടെ മൂന്നുമണ്ഡലങ്ങളിലും എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ലെന്ന് വ്യക്തമായി. 

തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് അന്തിമമെന്ന് കോടതി വ്യക്തമാക്കി. പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂ.

നാമനിര്‍ദേശ പത്രികയിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ഥികളായ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ (ഗുരുവായൂര്‍), ബി.ജെ.പി കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് (തലശ്ശേരി), ധനലക്ഷ്മി (ദേവികുളം-എ.ഐ.എ.ഡി.എം.കെ) എന്നിവരുടെ പത്രിക തള്ളിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡന്റ് ഒപ്പിട്ട ഫോം എ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് എന്‍. ഹരിദാസിന്റെ ആരോപണം.

നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന ഫോം ബിയില്‍ സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്റെ പത്രിക തള്ളിയതെന്ന് നിവേദിത സുബ്രഹ്മണ്യന്റെ ഹരജിയില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top