ജിദ്ദ: സൗദി അറേബ്യയില്‍ മുസ്ലീമെന്ന് കരുതി ഹിന്ദു യുവാവിന്റെ മൃതദേഹം ഖബറടക്കിയ സംഭവത്തില്‍ ഭാര്യ കോടതിയെ സമീപിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പരിഭാഷകന്റെ ഭാഗത്തുനിന്നും വന്ന തെറ്റിനെ തുടര്‍ന്നാണ് ഇന്ത്യക്കാരന്റെ മൃതദേഹം മാറി സംസ്ക്കരിച്ചത്.
യുവാവിന്റെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് മതാചാരപ്രകാരം സംസ്ക്കരിക്കുന്നതിന് ഭര്‍ത്താവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കൈക്കോടതിയെ സമീപിച്ച ഭാര്യയ്ക്ക് കോടതിയില്‍ നിന്ന് അനുകൂല വിധിയും ലഭിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഭൗതികാവശിഷ്ടങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. സൗദിയിലെ ജോലി സ്ഥലത്ത് ജനുവരി 24-നാണ് സഞ്ജീവ് കുമാര്‍ എന്നയാള്‍ മരിച്ചത്.
ഹൃദാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 23 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ജിസാനിലെ ബീശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മരണ വിവരമറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 28-ന് അതിനുള്ള പവര്‍ ഓഫ് അറ്റോണിയും നല്കി. എന്നാല്‍, മൃതദേഹം സൗദിയില്‍ മറവു ചെയ്തുവെന്ന വിവരമാണ് ലഭിച്ചത്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഔദ്യോഗിക പരിഭാഷകന് സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മരണ സര്‍ട്ടിഫിക്കറ്റില്‍ മതം എഴുതുന്നിടത്ത് ഹിന്ദു എന്നതിനു പകരം മുസ്ലിം എന്നു തെറ്റായി ചേര്‍ക്കുകയായിരുന്നു.
അബദ്ധം സംഭവിച്ചതിന് ഔദ്യോഗിക ട്രാന്സ്ലേഷന് ഏജന്‍സി ഭാര്യക്ക് ക്ഷമാപണക്കത്ത് അയക്കുകയും ചെയ്തിരുന്നു. അതേസമയം, ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാനുള്ള നടപടികളിലെ പുരോഗതിയെ കുറിച്ച് മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാര്‍ച്ച് 18-ന് കോടതിയെ ബോധ്യപ്പെടുത്തണം.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മരണ സര്‍ട്ടിഫിക്കറ്റ് ഭാര്യയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക