News Desk

2021-03-17 10:16:15 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കാന്‍ കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. എന്‍.ആര്‍.സി നടപ്പാക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍, 1955ലെ പൗരത്വ നിയമം എന്നിവ അനുസരിച്ച് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി.

ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതരാവുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കണമെന്ന് സുപ്രീംകോടതി 2012ല്‍ നിര്‍ദേശിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ 2012 മാര്‍ച്ച് ഏഴിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് അതതു സംസ്ഥാന സര്‍ക്കാറുകള്‍ അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top