News Desk

2021-02-26 05:25:16 pm IST
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
മാര്‍ച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന്. പത്രിക പിന്‍വലിക്കാനുള്ള തീയതി മാര്‍ച്ച് 22നാണ്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക. എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിനു പുറമെ തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയ്യതിയാണ് വാര്‍ത്താ സമ്മേളനത്തില്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

ഓരോ സ്ഥാനാര്‍ഥിക്കും 30.8 ലക്ഷം തുകയാണ് പ്രചരണത്തിന് അനുവദിക്കുക. ആകെ 18.69 കോടി വോട്ടര്‍മാരാണുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. മൂന്ന് ലക്ഷം സര്‍വീസ് വോട്ടര്‍മാരാണുള്ളത്. കൊവിഡ് സാഹചര്യം കേരളത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നും കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കേരളത്തില്‍ 40771 പോളിങ് ബൂത്തുകള്‍. കൊവിഡ് ബാധിതര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം. കൊവിഡ് സാഹചര്യത്തില്‍ കേരളത്തില്‍ പോളിങ്ബൂത്തുകളുടെ എണ്ണം കൂട്ടുകയായിരുന്നു. വോട്ടുചെയ്യാനുള്ള സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം. പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പെം രണ്ട് പേരെയാണ് അനുവദിക്കുക. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തപാല്‍ വോട്ടുചെയ്യാന്‍ അവസരം നല്‍കും. പ്രചരണത്തില്‍ അഞ്ച് വാഹനങ്ങളും ഗൃഹസന്ദര്‍ശനത്തിന് അഞ്ച് പേര്‍ മാത്രമോ പാടുള്ളു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര നീരീക്ഷകര്‍ എത്തും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും. ദീപക് മിശ്രയാണ് കേരളത്തിലെ പൊലീസ് നിരീക്ഷകന്‍. 

പുഷ്‌പേന്ദ്ര സിങ് പുനിയയാണ് മറ്റൊരു നിരീക്ഷകന്‍. പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ ഉണ്ടാകും. നാമനിര്‍ദേശ പത്രിക ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് തീയ്യതി പരിഗണിച്ചത് പ്രാദേശിക ഉത്സവങ്ങളും പരീക്ഷകളും കണക്കിലെടുത്താണ്. പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. ഓണ്‍ലൈനായും പത്രിക നല്‍കാം. ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 






























Top