News Desk

2021-06-09 10:21:15 pm IST

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പിക്കണം. ജൂണ്‍ 15-ഓടെ സോഫ്റ്റ്‌വെയര്‍ സഹായത്തോടെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. ഹോട്ടലുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറിക്കു മാത്രമേ അനുവാദമുണ്ടാകൂ. ഐസൊലേഷന്‍ സൗകര്യമില്ലാത്ത വീടുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രോഗിയെ നിര്‍ബന്ധമായും കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചില സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഫീസ് അടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top