News Desk

2021-02-21 10:58:40 pm IST
ദോഹ: ഖത്തറിലെ ജീവിതച്ചെലവില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുന്‍ മാസത്തേതില്‍ നിന്ന് 1.23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ (സി.പി.ഐ) അടിസ്ഥാനമാക്കിയാണ് ജീവിതച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളടക്കമുള്ളവര്‍ സാമ്പത്തികമായി പ്രയാസം നേരിടുന്നതിനിടെയിലാണ് ഈ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഡിസംബറിലേതിനെ അപേക്ഷിച്ച് 97.11 പോയന്റിലാണ് സി.പി.ഐ എത്തിയിരിക്കുന്നത്. അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജീവിതച്ചെലവില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ ജനുവരിയിലെ ഉപഭോക്തൃ വില സൂചികയേതിനേക്കാള്‍ 1.29 ശതമാനം കുറവാണ് ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

12 വിഭാഗങ്ങളിലായി 737 ഇനം ചരക്കുകളും സേവനങ്ങളുമടങ്ങുന്നതാണ് സൂചിക. 2017/2018ലെ ഗാര്‍ഹിക വരുമാന -ചെലവ് സര്‍വേ അടിസ്ഥാനമാക്കി കണക്കാക്കിയാണ് സൂചിക തയാറാക്കുന്നത്. ഗതാഗത മേഖലയില്‍ 4.12 ശതമാനം, ഫര്‍ണിച്ചര്‍ -വീട്ടുപകരണങ്ങള്‍ 2.96 ശതമാനം, കമ്യൂണിക്കേഷന്‍ 2.01, ഭക്ഷ്യ -പാനീയം 1.44 ശതമാനം, വസ്ത്രം -പാദരക്ഷകള്‍ 1.36 ശതമാനം, റസ്റ്റാറന്റുകള്‍ -ഹോട്ടലുകള്‍ 1.30 ശതമാനം, വിദ്യാഭ്യാസം 0.58 ശതമാനം, മറ്റുള്ളവയും സേവനങ്ങളും 0.43 ശതമാനം, വിനോദം- സാംസ്‌കാരികം 0.22 ശതമാനം എന്നീ മേഖലകളിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top