News Desk

2021-03-11 11:14:48 am IST
കോട്ടയം: പിറവത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ ജേക്കബിനെ സി.പി.ഐ.എം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടിയെന്ന് നേതൃത്വം അറിയിച്ചു. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു സിന്ധു.

സിന്ധു മോള്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് സി.പി.ഐ.എം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെതാണ് ഈ തീരുമാനം. നേരത്തെ ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ചില്‍ അംഗമായിരുന്ന ഇവര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.

പെയ്‌മെന്റ് സീറ്റാണ് ഇതെന്നും സാമുദായിക താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് ഇവരെ സ്ഥാനാര്‍ഥിയാക്കിയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. സി.പി.ഐ.എം അംഗത്വമുണ്ടെങ്കിലും സ്വതന്ത്രയായാണ് സിന്ധു നേരത്തേ മല്‍സരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇവരുടെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 

അതേസമയം, പിറവത്തേത് പെയ്‌മെന്റ് സീറ്റല്ലെന്ന് സിന്ധുമോള്‍ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. പെയ്‌മെന്റ് സീറ്റാണോ എന്ന് ആക്ഷേപം ഉന്നയിച്ച ആളോട് ചോദിക്കണം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച എതിര്‍പ്പ് കാര്യമാക്കുന്നില്ല. പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കും. സി.പി.ഐ.എം അംഗത്വം രാജിവെച്ച് കേരള കോണ്‍ഗ്രസില്‍ ചേരുമെന്നും സിന്ധുമോള്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top