ജംഷീന മുല്ലപ്പാട്ട്

2020-04-13 09:36:31 pm IST

ലയാളിയ്ക്ക് പ്രതീക്ഷ എന്ന വാക്കിന് പ്രവാസം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. 'കടലിനക്കരെ പോണോരെ, കാണാപൊന്നിന് പോണോരെ, പോയി വരുമ്പോള്‍ എന്ത് കൊണ്ടുവരും' എന്ന് മലയാളി പാടിപ്പതിഞ്ഞ പാട്ടിലുണ്ട് കേരളത്തിന്റെ മുഴുവന്‍ സ്വപനങ്ങളും പ്രതീക്ഷകളും. ഓരോ പ്രവാസിയും കൊണ്ട വെയില്‍ത്തീയും മരുക്കാറ്റും അധ്വാനവും ഒട്ടൊന്നുമല്ല കേരളത്തെ കേരളമാക്കിയത്. കേരള സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ മൂലധനം അതിനിര്‍ണ്ണായകമായി മാറി. പ്രവാസി മൂലധനകേന്ദ്രീകൃതമായ ബഡ്ജകറ്റ് പോലും കേരളത്തില്‍ രൂപപ്പെട്ടു. എന്നാല്‍, കൊറോണയില്‍ അതിവേഗം കാര്യങ്ങള്‍ മാറിമറിഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടും ചികിത്സ തേടിയും വിശ്രമം തേടിയും സ്വന്തം മക്കളെയും ഉറ്റവരെയും ഉടയവരെയും കാണാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ നാട്ടില്‍ കൊറോണ എന്ന മഹാമാരി പടര്‍ത്തുന്നവരായി വളരെ പെട്ടെന്ന് പരിണമിച്ചു. 

യുദ്ധം, ആഭ്യന്തര കലാപം, അഭയാര്‍ഥി പ്രവാഹങ്ങള്‍, ദാരിദ്ര്യം, തൊഴില്‍ സുരക്ഷ തുടങ്ങിയ പല കാരണങ്ങള്‍ ആഗോള പ്രവാസത്തിനു വഴിയൊരുക്കിയിട്ടുണ്ടെങ്കിലും മലയാളിയുടെ പ്രവാസം അക്ഷരാര്‍ഥത്തില്‍ ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടിയായിരുന്നു. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലേക്ക്. പുതിയ തൊഴിലിടങ്ങള്‍ തേടിപ്പോയ മലയാളിക്ക് തായ്വേര് മുറിച്ചുകളയാന്‍ കഴിയാത്തതിനാല്‍ തന്റെ ഉയിരും വിയര്‍പ്പും കൊടുത്ത് നേടിയതെല്ലാം സ്വന്തം നാട്ടിലേയ്ക്ക് എത്തിച്ചു. അങ്ങനെ പ്രവാസിയുടെ സ്വപ്നത്തിനൊപ്പം കേരളവും വളര്‍ന്നു. 18ാം നൂറ്റാണ്ട് മുതല്‍ തന്നെ ബ്രിട്ടീഷ് അധിനിവേശ പ്രദേശങ്ങളിലേയ്ക്ക് മലയാളികള്‍ ചേക്കേറാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ശ്രീലങ്കയായ സിലോണയിരുന്നു അവരുടെ ആദ്യ സ്വപ്നഭൂമി. കൂടാതെ ബര്‍മ, മലേഷ്യ, സിങ്കപ്പൂര്‍, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് തൊഴില്‍തേടി മലയാളികള്‍ പോയെങ്കിലും കേരളത്തില്‍ നിന്നുള്ള വലിയ പ്രവാസ കാലഘട്ടം ആരംഭിക്കുന്നത് 1970 കളിലാണ്. ഗള്‍ഫ് നാടുകളില്‍ വന്‍തോതില്‍ എണ്ണ ഖനനം ആരംഭിച്ചതും തല്‍ഫലമായി ഗള്‍ഫില്‍ വലിയ തോതിലുള്ള 'വികസന വിപ്ലവ'ത്തിന് തുടക്കം കുറിച്ചതും ഈ കാലഘട്ടത്തിലാണ്. 

ജീവിതം കരക്കെത്തിക്കാന്‍ എല്ലാവിധ ഒഴുക്കിനെയും മറികടന്ന് അതിശക്തമായി നീന്തിയ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും പക്ഷേ അക്കാലത്ത് മതിയായ വിദ്യാഭ്യാസം നേടാത്തവരും സാങ്കേതിക പരിജ്ഞാനം കുറവുള്ളവരുമായിരുന്നു. സ്വാഭാവികമായും അന്നം തേടി പോയ നാട്ടില്‍ ഇവര്‍ കൂലിപ്പണിക്കാരായി. പൊരിവെയിലില്‍ മണലാരണ്യത്തില്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന മലയാളി എന്ന് കാല്‍പ്പനികമായി നമ്മള്‍ പറയാറുണ്ടെങ്കിലും ആ പറച്ചില്‍ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ചൂടുള്ള യാഥാര്‍ഥ്യമാണ്. പ്രവാസികളുടെ അധ്വാനത്തില്‍ പടുത്തുയര്‍ത്തിയ നമ്പര്‍ വണ്‍ കേരളവും വികസന കാഴ്ചകളും തെളിവായി നിലനില്‍ക്കുമ്പോഴും അവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല പലപ്പോഴും അവഗണനകള്‍ നേരിട്ടു. ഗള്‍ഫ് യുദ്ധത്തിലും സാമ്പത്തിക മാന്ദ്യത്തിലും സ്വദേശിവല്‍ക്കരണത്തിലും തളരാത്ത പ്രവാസികള്‍ കൊറോണ മഹാമാരിയില്‍ അക്ഷരാര്‍ഥത്തില്‍ തളര്‍ന്നു. ആ തളര്‍ത്തലില്‍ നമുക്ക് പലര്‍ക്കും പങ്കുണ്ടായി. കൊറോണ വൈറസ് ഗള്‍ഫ് നാടുകളില്‍ പടര്‍ന്നു പിടിച്ചപ്പോഴേ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നേരെ വംശീയ-സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. സുരക്ഷിത താവളങ്ങളില്‍ ഇരിക്കുന്നവര്‍ പടച്ചു വിടുന്ന ഇത്തരം ആക്രമണങ്ങളാണ് പ്രവാസികളെ മാനസികമായും ശാരീരികമായും തളര്‍ത്തിയത്. ഒറ്റപ്പെട്ട വ്യക്തികളുടെ ജാഗ്രതയില്ലായ്മയും പ്രവര്‍ത്തനങ്ങളും പ്രവാസിയുടെ ബന്ധുമിത്രാധികളെയും ഒരു മതവിഭാഗത്തെയും വെര്‍ബലായും അല്ലാതെയും അക്രമിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. സമൂഹികമായ വിലക്ക് പോലുള്ള ജനാധിപത്യ വിരുദ്ധമായ കാരണങ്ങളിലേയ്ക്ക് ഇത് നയിച്ചു.

കേരളത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ ഗള്‍ഫില്‍ നിന്നും വന്നവരുണ്ട് എന്നത് സത്യമാണ്. അവരില്‍ അപൂര്‍വ്വം ചിലര്‍ സമ്പര്‍ക്ക രഹിത ജീവിതമെന്ന ആരോഗ്യ നിയമം തെറ്റിച്ചു എന്നതും ശരിയാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരു മത സമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ അങ്ങേയറ്റത്തെ നീതികേടുണ്ട്. ഒരു കാര്യം ഓര്‍ക്കുക, പ്രവാസികള്‍ തങ്ങള്‍ക്കും ഈ നാടിനും അന്നം തേടിപ്പോയവരാണ്, അല്ലാതെ കൊറോണയെത്തേടിപ്പോയവരല്ല. ഇത്തരം ആക്രമണങ്ങളെ എല്ലാം അതിജീവിച്ചാലും പ്രവസിയുടെ ഭാവി അനിശ്ചിതത്തിലാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും അതിവേഗത്തിലാണ് ഇപ്പോഴും കൊറോണ പടരുന്നത്. 22 ലക്ഷത്തോളം മലയാളി പ്രവാസികളാണ് ഗള്‍ഫ് മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് നാട്ടിലേക്ക് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ഇപ്പോഴും യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ലേബര്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. 

ലോകബാങ്കിന്റെ 2019ലെ റിപ്പോര്‍ട്ടനുസരിച്ച് 79 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ്ക്കുന്നത്. ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഇന്ത്യയിലെ മൊത്തം പ്രവാസ വരുമാനത്തിലെ 19 ശതമാനവും മലയാളികളുടേതാണ്. ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്നത് യു.എ.ഇയില്‍ നിന്നാണ്. 13,823 മില്യണ്‍ ഡോളറാണ് യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന വരുമാനം. തൊട്ടുപിന്നില്‍ യു.എസ് ആണ്. യു.എസില്‍ നിന്നും 11,715 മില്യണ്‍ ഡോളറാണ് 2018 ല്‍ ഇന്ത്യയിലേക്ക് വന്നത്. മൂന്നാം സ്ഥാനം സൗദി അറേബ്യക്കാണ്. സൗദിയില്‍ നിന്നും 11,239 മില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് 2018ല്‍ വന്നത്. കുവൈത്ത് (4,587 മില്യണ്‍ ഡോളര്‍), ഖത്തര്‍ (4,143 മില്യണ്‍ ഡോളര്‍), യു.കെ (3,941 മില്യണ്‍ ഡോളര്‍) ഒമാന്‍ (3,250 മില്യണ്‍ ഡോളര്‍), നേപ്പാള്‍ ( 3,016 മില്യണ്‍ ഡോളര്‍), കാനഡ (2,877 മില്യണ്‍ ഡോളര്‍), ഓസ്‌ട്രേലിയ (1,977 മില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള പ്രവാസി വരുമാനം. പ്രവാസികളില്‍ 70 ശതമാനം ആളുകളും വീടുകളില്‍ സഹായിയായും, കാര്‍ ഓടിക്കാനും, തുണിക്കട നടത്താനും, സെല്‍ ഫോണ്‍ കടകളില്‍ നില്‍ക്കുന്നവരും, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി, ക്ലീനിങ് കമ്പനി, ചെറുകിട ടെക്‌നിക്കല്‍ കമ്പനി, ഡെലിവറി, മറ്റുള്ള ചെറിയ വരുമാനം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവരാണ്. ഈ തൊഴില്‍ മേഖലകളെയാണ് മാന്ദ്യവും കൊറോണ മൂലമുള്ള സ്തംഭനവും ബാധിച്ചിരിക്കുന്നത്. പ്രവാസികളോട് പ്രതിസന്ധി തീര്‍ന്നാലുടന്‍ നാട്ടിലേക്ക് പോകാനും ശമ്പളമില്ലാത്ത അവധിയില്‍ കഴിയാനും തൊഴില്‍ ഉടമകള്‍ പറഞ്ഞു കഴിഞ്ഞു. കാര്യങ്ങള്‍ പഴയപടിയവുകയാണെങ്കില്‍ തിരിച്ചു വിളിക്കാമെന്നാണ് ഇവരോട് സര്‍ക്കാറുകള്‍ പറഞ്ഞിരിക്കുന്നത്. ഖത്തറില്‍ ക്വാറന്റൈനിലുള്ള പ്രവാസികളെ പിരിച്ചുവിടാമെന്ന് തൊഴില്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

യു.എ.ഇയിലെ കമ്പനികള്‍ വാര്‍ഷികാവധി നേരത്തെയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ശമ്പളത്തോടെയായിരിക്കുമോ അവധി എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക തൊഴിലുടമകളായിരിക്കും. നാട്ടില്‍ അവധിയിലുള്ളവര്‍ അങ്ങനെ തുടരണമെന്നും യു.എ.ഇയിലുളളവര്‍ വിമാന സര്‍വീസ് പുനരാരംഭിക്കും വരെ അവധിയെടുത്ത് താമസസ്ഥലങ്ങളില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിക്ക കമ്പനികളും ശമ്പളമില്ലാത്ത അവധിയായിരിക്കും ജീവനക്കാര്‍ക്ക് നല്‍കുക. ഇതുണ്ടാക്കുന്ന അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഗുരുതരമായിരിക്കും. 

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ശമ്പളം കുറച്ചുനല്‍കാന്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഒപ്പം തന്നെ ജീവനക്കാര്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന അവധി വാര്‍ഷികാവധിയില്‍ നിന്നും കുറക്കാനാണ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം പ്രവാസിയുടെ ഇനിയുള്ള നാളുകള്‍ കടുത്തതായിരിക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നു. ഇത് സ്വദേശി വല്‍ക്കരണം പോലെയുള്ള ഒന്നായിരിക്കില്ല, മറിച്ച് നിശ്ശബ്ദമായ തൊഴില്‍ നഷ്ടമായിരിക്കും. ഇതിന്റെ പ്രതിഫലനം കേരളത്തിന്റെ സാമ്പത്തു വ്യവസ്ഥയ്ക്കും സാരമായ കേടുപാടുകള്‍ വരുത്തും. ചുരുക്കത്തില്‍ ജീവനു വേണ്ടിയും തൊഴിലിന് വേണ്ടിയും ഒരേ പോലെ പോരാടേണ്ട അവസ്ഥയാണ് പ്രവസിക്കിപ്പോള്‍. 

നൂറുകണക്കിന് ലേബര്‍ ക്യാമ്പുകളും പത്തും പന്ത്രണ്ടും ആളുകള്‍ താമസിക്കുന്ന ബാച്ചിലര്‍ മുറികളും എമ്പാടുമുള്ള ഗള്‍ഫ് നാടുകളില്‍ താമസ സ്ഥലത്തു സാമൂഹിക അകലം പാലിക്കല്‍ അത്ര എളുപ്പമല്ല. ലോക്ഡൗണ്‍ മൂലം ഏറെ പേരും താമസയിടങ്ങളില്‍ തന്നെയാണ്. സാമ്പത്തിക അനിശ്ചിതത്വം പലരെയും ബാധിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും തങ്ങുന്നവര്‍ക്ക് സര്‍ക്കാറും സാമൂഹിക സംഘടനകളും നല്‍കിവരുന്ന ഭക്ഷണവും സഹായങ്ങളും കൊണ്ട് അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. അതേസമയം, ഈ മനുഷ്യരെയെല്ലാംകൂടി ഈ ഘട്ടത്തില്‍ ഒന്നിച്ച് നാട്ടിലെത്തിക്കുക എന്നത് അപ്രായോഗികവുമാണ്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് കൊറോണ ചികില്‍സ സൗജന്യമായി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താമസ-തൊഴില്‍ രേഖകളില്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് ചികിത്സകള്‍ ലഭ്യമാക്കുന്നത്. കൊറോണയെ തുരത്തണമെങ്കില്‍ മനുഷ്യരെ ഒറ്റപ്പെടുത്തുന്ന രീതി ഗുണം ചെയ്യില്ല എന്ന തിരിച്ചറിവ് കൂടിയാണിത്. ഈ തിരിച്ചറിവ് പ്രവാസിക്ക് ഗുണകരമാകുമെന്ന് പ്രത്യാശിക്കാം.

സൗദി അറേബ്യയില്‍ രണ്ട് ലക്ഷം പേര്‍ രോഗബാധിതരാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഹ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രോഗത്തെ പിടിച്ചു കെട്ടാന്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. ഗള്‍ഫില്‍ മലയാളികള്‍ക്കിടയില്‍ കൊവിഡ്-19 ഏറ്റവും കൂടുതലായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ഒമാനിലാണ്. കുവൈത്തിലും ഖത്തറിലും പ്രവാസികള്‍ക്കിടയില്‍ കൊറോണ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ പടര്‍ന്നിട്ടുണ്ട്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് യു.എ.ഇ. പ്രവാസികളെ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കുമെന്നു മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മലയാളി പ്രവാസികളില്‍ 40 ശതമാനം ആളുകള്‍ തൊഴിലെടുക്കുന്ന യു.എ.ഇ ഇത്തരം കടുത്ത തീരുമാനമെടുക്കുകയാളെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധി ആയിരിക്കും. 

ഇങ്ങനെ ഓരോ രാജ്യങ്ങളും തീരുമാനമെടുത്താല്‍ വലിയതോതിലുള്ള തൊഴില്‍ നഷ്ടമായിരിക്കും സംഭവിക്കുക. ഇവരുടെയൊക്കെ പുനരധിവാസം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനും രാജ്യത്തിനും വെല്ലുവിളിയായിരിക്കും. നോട്ടു നിരോധനവും രണ്ടു പ്രളയങ്ങളും ജി.എസ്.ടിയുമെല്ലാം കേരളത്തിന്റെ സമ്പത്തു വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതത്തിനുമപ്പുറമായിരിക്കും കൊറോണ ഏല്‍പ്പിക്കുന്ന ആഘാതം. 

ഈ ദുര്‍ഘടമായ സാഹചര്യത്തില്‍ കേരളം തങ്ങളുടെ പ്രവാസികള്‍ക്ക് വേണ്ടി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തെ ഊട്ടിയ പ്രവാസി നാടിന്റെ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ പ്രവാസികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രവാസിയുടെ സുരക്ഷമുന്‍നിര്‍ത്തി മുഖ്യമന്ത്രി, പ്രവാസി പ്രമുഖരും സംഘടനാ പ്രവര്‍ത്തകരുമായി ഏപ്രില്‍ അഞ്ചിന് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. പ്രവാസി സംഘടനകള്‍ ചേര്‍ന്ന് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാര്യം ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് സര്‍ക്കാര്‍ കത്തുകള്‍ അയച്ചിട്ടുമുണ്ട്. പ്രവാസി പ്രമുഖരും സംഘടനകളും ഇക്കാര്യത്തില്‍ കൈകോര്‍ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സമൂഹം ശ്രദ്ധയില്‍പെടുത്തിയ ഒരു വിഷയം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥന കോണ്‍ഫറന്‍സിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. 

ഇതോടൊപ്പം വലിയ തോതില്‍ സുരക്ഷാ ഭീഷണി നേരിടുന്ന വിഭാഗമാണ് ചികിത്സാരംഗത്ത് ജോലി ചെയ്യുന്നവര്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലബോറട്ടറി ജീവനക്കാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ വിഭാഗത്തിലെ ജീവനക്കാരും തൊഴിലാളികളും, മാലിന്യ സംസ്‌കരണത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍. ഇവരുടെ സുരക്ഷക്കായി പ്രവാസി സംഘടനകള്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍, പ്രത്യേക ചികിത്സക്ക് നാട്ടില്‍ പോകേണ്ടവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, സന്ദര്‍ശക വിസ, മിഷന്‍ വിസ, തൊഴിലന്വേഷക വിസ തുടങ്ങിയവയില്‍ എത്തി കാലാവധി കഴിഞ്ഞു നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സാമൂഹിക സംഘടനകള്‍ സുപ്രീംകോടതിയെയും കേരള ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ പുറം രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോള്‍ രാജ്യത്തുള്ളത് എന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രിംകോടതി പറഞ്ഞു. 

ലോക്ഡൗണ്‍ കാലം കഴിഞ്ഞതിന് ശേഷം കേരളത്തിലെത്തുന്ന പ്രവാസികള്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ എത്തുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യമായോ പണം നല്‍കിയോ കഴിയാവുന്ന കേന്ദ്രങ്ങളിലോ ആയിരിക്കും സമ്പര്‍ക്ക രഹിത ജീവിതം നയിക്കേണ്ടി വരിക. ഇത്തരം കേന്ദ്രങ്ങള്‍ക്ക് വേണ്ടി സമസ്ത, കാന്തപുരം, ജമാഹത്തെ ഇസ്ലാമി തുടങ്ങിയ സാമുദായിക സംഘടനകള്‍ സുരക്ഷിത സ്ഥലങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കൂടാതെ തിരിച്ചത്തെുന്നവരെ പുനരധിവസിപ്പിക്കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. മുമ്പ് പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പാക്കേജുകള്‍ പലതും കടലാസിലൊതുങ്ങിയ ചരിത്രമാണുള്ളത്. എന്നാല്‍ കൊറേണ പ്രതിസന്ധിമൂലം മടങ്ങിയത്തെുന്നവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യവും തൊഴിലും ഉറപ്പാക്കണം. മറ്റൊരു തൊഴില്‍ കണ്ടെത്തുന്നതുവരെ പ്രവാസിയുടെയും കുടുംബത്തിന്റേയും ഉത്തരവാദിത്തം, കുട്ടികളുടെ വിദ്യാഭ്യാസം, ചികില്‍സ തുടങ്ങിയവ സര്‍ക്കാര്‍ എറ്റെടുക്കണം. സ്വയംതൊഴില്‍ കണ്ടെത്താന്‍ നടപടി, സംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ, നോര്‍ക്കയ്ക്ക് കീഴില്‍ പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് ബ്യൂറോ തുടങ്ങിയ പദ്ധതികളെല്ലാം സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം.

ഈ രോഗ കാലത്ത് ഓരോ പ്രവാസിയും നാട്ടിലെത്താന്‍ സ്വാഭാവികമായും ആഗ്രഹിക്കും. കാരണം സ്വന്തം നാട് ഭൂരിഭാഗം ആളുകള്‍ക്കും സുരക്ഷിതത്തം പ്രധാനം ചെയ്യുന്നുണ്ട്. വൈറസ് വ്യാപനം തടയപ്പെടുകയും വിമാനത്താവളങ്ങള്‍ തുറക്കപ്പെടുകയും ചെയ്താല്‍  കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ കുത്തൊഴുക്കായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇങ്ങനെയുള്ള ഒരുസാഹചര്യമുണ്ടായാല്‍ എങ്ങനെയായിരിക്കും സര്‍ക്കാരും മലയാളിയുടെ പൊതുബോധവും ഇവരോട് പെരുമാറുക എന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്. ഇതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ്. ഈ മാസം മുപ്പതു വരെയാണ് കുവൈത്തില്‍ പൊതുമാപ്പിന്റെ കാലാവധി. ഒമാനില്‍ അത് ഡിസംബര്‍ വരെ നീണ്ടു നില്‍ക്കും. തീര്‍ച്ചയായും പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കേരളത്തിലേക്കു വരുന്നവരും ഉണ്ടാകും. എന്നാല്‍ കുവൈത്തില്‍ പൊതുമാപ്പില്‍ പുറത്തിറങ്ങുന്ന ആളുകളെ എങ്ങനെ നാട്ടിലെത്തിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. 

ഇത്രയും ആരോഗ്യ-തൊഴില്‍ പ്രതിസന്ധിയുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കൃത്യമായ നിലപാട് പ്രവാസി വിഷയത്തില്‍ എടുത്തിട്ടില്ല. വികസിത രാജ്യങ്ങളെ സംബന്ധിച്ചുള്ള പുരോഗമനം ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കില്ല. ഇപ്പോഴും മറ്റു രാജ്യങ്ങള്‍ വിതരണം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകാരാണ് ഈ രാജ്യങ്ങളിലെ ആരോഗ്യ മേഖലയെ നയിക്കുന്നത്. എന്നിരുന്നാലും ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ പ്രവാസികളെയും ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഈ രാജ്യങ്ങള്‍ക്കില്ല. 

എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും വിചിത്രമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറയുന്നത്. ഗള്‍ഫിലെ ഇന്ത്യക്കാരായ ഡോക്ടര്‍മാരുടെ സേവനം ഏകോപിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇന്‍ഷൂറന്‍സ് സേവനം ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് ധനവകുപ്പ് വഴി നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുമുണ്ട്. നിലവില്‍ കുവൈത്തിലെയ്ക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. കുവൈത്തിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. 

കൊവിഡ് സമ്പത്ത്‌വ്യവസ്ഥയ്ക്ക് തീര്‍ക്കുന്ന ആഘാതങ്ങള്‍

കൊവിഡ് 19 വൈറസ് ബാധ മൂലം 2009-നേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. 'ഐ.എം.എഫിന്റെ ചരിത്രത്തില്‍ ലോക സാമ്പദ് വ്യവസ്ഥ ഒരിക്കലും നിലച്ചതായി നാം കണ്ടിട്ടില്ല. നമ്മള്‍ ഇപ്പോള്‍ മാന്ദ്യത്തിലാണ്. ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണ്. നമ്മളെല്ലാവരും ഒത്തുചേരേണ്ട ഒരു പ്രതിസന്ധികൂടിയാണിത്' ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ലോകരാജ്യങ്ങളോട് പറഞ്ഞതാണിത്. ഐ.എം.എഫിനു തന്നെ ആശങ്കയുണ്ടാകുമ്പോള്‍ രാജ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

കേരള സമ്പത്തു വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് കുടിയേറ്റം നിര്‍വഹിക്കുന്നത്. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളെ രൂപപ്പെടുത്തുന്നതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്കാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നില്‍ രണ്ടും പ്രവാസി മലയാളികളുടെ സംഭാവനയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധി കുടിയേറ്റത്തിന് ആക്കം കൂട്ടുകയും പണം കൊയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്ത് കേരളം കുടിയേറ്റക്കാരുടെ തിരിച്ചു വരവിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ വ്യക്തമാക്കുന്ന പഠനങ്ങള്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) പുറത്തുവിട്ടിട്ടുണ്ട്. 1998 മുതല്‍ സി.ഡി.എസ് ഗള്‍ഫ് മലയാളി പ്രവാസികളുടെ സര്‍വേ നടത്തുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെയും കണക്കുകള്‍ പ്രകാരം പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.സര്‍വേ ആരംഭിച്ച 1998 മുതല്‍ 2011 വരെ സ്ഥിരമായ വര്‍ധനവായിരുന്നു പ്രവാസികളുടെ എണ്ണത്തിലുണ്ടായിരുന്നത്. 1998-ല്‍ പ്രവാസികളുടെ എണ്ണം 13.6 ലക്ഷമായിരുന്നു. 2003-ല്‍ 18.4 ലക്ഷവും 2008-ല്‍ 21.9 ലക്ഷവും 2011-ല്‍ 22.8 ലക്ഷവും ആയിരുന്നു പ്രവാസികളുടെ എണ്ണം. 2014-ല്‍ 24 ലക്ഷമായിരുന്ന പ്രവാസി മലയാളികളുടെ എണ്ണം 2016-ഓടെ 22.05 ലക്ഷത്തിലേക്ക് താഴ്ന്നു. 2018-ല്‍ 21 ലക്ഷമായി കുറയുകയാണുണ്ടായത്. അതായത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. വരുമാനത്തില്‍ 7800 കോടി രൂപയുടെ ഇടിവും ഇക്കാലത്തുണ്ടായി.

ഗള്‍ഫ് പ്രവാസികളുടെ കുറവിന് കാരണങ്ങള്‍ പലതാണ് സര്‍വേയില്‍ കാണിക്കുന്നത്. കേരളത്തില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള പ്രായക്കാരുടെ ജനസംഖ്യ കുറഞ്ഞു, മറ്റ് സംസ്ഥാനങ്ങളുമായി മത്സരം വര്‍ധിച്ചു, കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്ന വേതനത്തില്‍ വലിയ വ്യത്യാസമില്ലാതായി, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം പല തൊഴില്‍ മേഖലകളിലുമുള്ള തൊഴില്‍ സാധ്യതയെ ബാധിച്ചു. കൂടാതെ ആഗോളസാമ്പത്തിക മാന്ദ്യവും എണ്ണവില ഇടിവും കാരണം പലരും പിരിച്ചുവിടപ്പെടുകയോ ചെറിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനക്കാരും രാജ്യക്കാരും തൊഴിലെടുക്കാന്‍ തയ്യാറായതും മലയാളി പ്രവാസികള്‍ക്ക് വെല്ലുവിളിയായി.

കേരളത്തിലെ സിനിമ, വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ എല്ലാ മേഖലകളിലും കൊറോണ ആഘാതമുണ്ടാക്കും. ഇവിടെയെല്ലാം പ്രവാസിയുടെ പണം എത്തുന്നത് നിലയ്ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉയരാന്‍ തുടങ്ങും. കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ ചികിത്സ, ലോണുകള്‍ എന്നിങ്ങനെ ബാധ്യതകള്‍ വര്‍ധിക്കുന്നതോടെ ഒരുപാടു കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും. മറ്റൊന്ന് ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികളുടെ ആരോഗ്യമാണ്. നാട്ടിലുള്ളവരെക്കാള്‍ അസുഖങ്ങളുമായാകും ഓരോ പ്രവാസിയും വരിക. ഇവരുടെ ചികിത്സയ്ക്ക് സാധ്യതയില്ലാതെയാകുമ്പോള്‍ കുടുംബത്തിന്റ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കും. പ്രവാസിയുടെ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനങ്ങളും ബാധിക്കപ്പെടും. 

കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തില്‍ 90 ശതമാനവും ജോലി ആവശ്യങ്ങള്‍ക്കായുള്ള താല്‍ക്കാലിക ഉടമ്പടി പ്രകാരം എത്തിയവരായിരുന്നു. അവര്‍ക്കൊന്നും ഗള്‍ഫ് രാജ്യങ്ങള്‍ പൗരത്വം നല്‍കിയിട്ടില്ല. ഇവരുടെ ജോലി ഉടമ്പടി കാലാവധി തീരുന്നത്തോടെ ഇവര്‍ കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നു. ഇപ്പോള്‍ ഈ ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത് പിരിച്ചു വിടല്‍ കുറച്ചു കൂടി എളുപ്പമാകും ഈ രാജ്യങ്ങള്‍ക്ക്. ഒരു കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അവിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നത് കേരളത്തില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗള്‍ഫിലെത്തുന്ന മലയാളി അവിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇത് സംസ്ഥാനത്തെ വരുമാനത്തേയും കാര്യമായി ബാധിച്ചു. ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ കൂലിക്ക് അവിദഗ്ധ തൊഴിലാളികള്‍ ഇപ്പോള്‍ ഗള്‍ഫിലെത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന എണ്ണ വിലയിലുണ്ടായ ഇടിവ് ഈ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. 2008-ലെ സാമ്പത്തിക മാന്ദ്യം, 2014-ലെ നിതാഖത്ത് എന്നിവ പോലെ വലിയൊരു തൊഴില്‍ പ്രതിസന്ധിയുടെ വക്കോളമെത്തിയിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോഴിതാ കൊറോണയും. ഇനി കൊറോണയുടെ പേരില്‍ എണ്ണ വിപണിയിലെ പ്രതിസന്ധി എളുപ്പത്തില്‍ മറച്ചുപിടിക്കാം. ഇതുവഴി കൂട്ട പിരിച്ചുവിടലും നടത്താം. 

നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേര്‍പ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ കോടികളുടെ സാമാശ്വാസ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണത്തിന്റെ ഗുണേഭാക്താക്കള്‍ ആരായിരിക്കും എന്നത് കണ്ടറിയണം. തീര്‍ച്ചയായും സ്വന്തം പൗരന്മാരുടെ കാര്യത്തിലായിരിക്കും രാജ്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടാവുക. വിദേശികളായവരെ പുറന്തള്ളാനും സാധ്യതയുണ്ട്. ഈ പ്രതിസന്ധികളെല്ലാം കണ്ടറിഞ്ഞ് ഇനിയൊരു തീരുമാനം എടുക്കാന്‍ കഴിയുന്നത് ഭരണകൂടത്തിനാണ്. മറ്റുള്ള രാജ്യങ്ങള്‍ പുറന്തള്ളിയാലും നമ്മളെ അല്ലലില്ലാതെ ഊട്ടിയവരെ നമ്മുക്ക് കൈയൊഴിയാന്‍ കഴിയില്ലല്ലോ. നാം കഴിച്ച ഓരോ വറ്റിലും പ്രവാസിയുടെ അധ്വാനത്തിന്റെ ഉപ്പു രസമുണ്ട്. അവരുടെ കുടുംബങ്ങളുടെ ആകുലതകളുണ്ട്. മരണത്തിലേയ്ക്ക് തള്ളിവിട്ടുകൂടാ നമ്മളവരെ. തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരാവാദിത്തവും ബാധ്യതയും ഭരണകൂടത്തിനുണ്ട്.

Reference
Economic Review 2019
Kerala Migration Survey-Center for Development Studies
International Monetary Fund (IMF)
World Bank Report
Top