News Desk

2020-11-21 06:45:07 pm IST
ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്നു ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്ന നടപടി ശക്തമായി തുടരുന്നു. 7,000ല്‍ ഏറെപ്പേരെയാണ് ഇതുവരെ ഷാര്‍ജയില്‍ ഒഴിപ്പിച്ചത്. സെപ്റ്റംബറിലാണ് നടപടികള്‍ ശക്തമാക്കിയത്. 

പൊലീസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ 1,915 പരിശോധനകള്‍ നടത്തി. പഴയ വില്ലകളില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് താമസമെന്നു കണ്ടെത്തി. ഇതില്‍ കൂടുതലും ഏഷ്യക്കാരായ സാധാരണ തൊഴിലാളികളാണെങ്കിലും ഇന്ത്യക്കാര്‍ കുറവാണ്.

ഷാര്‍ജിലെ അല്‍ ഖദിസിയ, നസിറിയ, മെയ്‌സലൂണ്‍, അല്‍ സബ്ക, അല്‍ ജസാത്, മുസല്ല, ഷര്‍ഖാന്‍, ഗാഫിയ, ഹസാന എന്നീ മേഖലകളില്‍ നിന്നാണ് പ്രധാനമായും ഒഴിപ്പിച്ചതെന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ തുറൈഫി പറഞ്ഞു. കഴിഞ്ഞമാസം  വില്ലകളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. 161 വില്ലകളും അടച്ചുപൂട്ടി. ഇനിയും കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉണ്ടാകുമെന്നാണു സൂചന.

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ ഉത്തരവനുസരിച്ചാണു നടപടി. ബാച്ലേഴ്‌സ് അടക്കമുള്ള താമസക്കാരുടെ മാന്യമല്ലാത്ത  പെരുമാറ്റം  ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണിത്. സുരക്ഷിതമല്ലാത്ത പഴയ വില്ലകള്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കുറഞ്ഞ വാടകയ്ക്കു ബാച്ലേഴ്‌സിനും തൊഴിലാളികള്‍ക്കും നല്‍കുന്നതായി  കണ്ടെത്തിയിരുന്നു.

ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്,

1. താമസ കേന്ദ്രങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക രേഖകള്‍ ഇല്ലാത്തവരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി.

2. വിവിധ മേഖലകളില്‍ നടത്തിയ റെയ്ഡില്‍ ചൂതാട്ടക്കാര്‍, തെരുവു കച്ചവടക്കാര്‍, യാചകര്‍, വ്യാജ സിഡി-പുകയില ഉല്‍പന്ന വില്‍പനക്കാര്‍ എന്നിവരെ  പിടികൂടിയിരുന്നു.  ചൂതാട്ടത്തിന് ഏഷ്യക്കാരന്‍ ഉപയോഗിച്ചിരുന്ന താമസയിടം കണ്ടെത്തിയിരുന്നു. മണിക്കൂര്‍ കണക്കില്‍ വാടക ഈടാക്കിയായിരുന്നു ഇവിടെ ചൂതാട്ടം.

3. മുറികളില്‍ തിങ്ങിഞെരുങ്ങി  താമസിക്കുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നു. ശേഷിയിലും കൂടുതല്‍ വൈദ്യുതി വയറിങ് സംവിധാനങ്ങളിലൂടെ പ്രവഹിക്കുന്നത് അപകട സാധ്യത  കൂട്ടുന്നു.

4. കൂട്ടംകൂടിയുള്ള  താമസം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍.

5. കുടുംബങ്ങള്‍ക്കു മാത്രമുള്ള മേഖലകളില്‍ ബാച്ലേഴ്‌സ്  ഒറ്റയ്ക്കോ കൂട്ടമായോ മുറിയെടുത്ത് താമസിക്കുന്നതിനു വിലക്കുണ്ട്.  ബാച്ലേഴ്‌സിന് എല്ലാ സൗകര്യങ്ങളോടും കൂടിയ താമസകേന്ദ്രങ്ങള്‍ സജ്ജമാണ്.  

6. നോട്ടിസ് നല്‍കിയാണ് ഒഴിപ്പിക്കല്‍. നടപടികള്‍ക്കു മുന്നോടിയായി വൈദ്യുതി-ജല വിതരണം തടയും. ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കും. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top