News Desk

2021-02-20 03:18:24 pm IST

ദുബൈ: വ്യാജ ചിത്രങ്ങള്‍ പതിച്ച മസാജ് കാര്‍ഡ് തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസിയ്ക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ (2,80,000 ദിര്‍ഹം). കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 33-കാരനായ ഇന്ത്യക്കാരനാണ് പണം നഷ്ടപ്പെട്ടത്. 

കേസിന്റെ വിചാരണ ദുബൈ കോടതിയില്‍ ആരംഭിച്ചു. 200 ദിര്‍ഹമായിരുന്നു മസാജിന്റെ നിരക്ക്. തുടര്‍ന്ന് യുവാവ് അല്‍ റിഫായിലെ മസാജ് കേന്ദ്രത്തിലേയ്ക്ക് നേരിട്ട് ചെല്ലുകയായിരുന്നു.  

''അപാര്‍ട്ട്‌മെന്റിലായിരുന്നു മസാജ് കേന്ദ്രം. ഞാന്‍ ചെന്നപ്പോള്‍ നാല് ആഫ്രിക്കന്‍ യുവതികള്‍ അവിടെയുണ്ടായിരുന്നു. ഞാനവരെ 200 ദിര്‍ഹം ഏല്‍പിച്ചപ്പോള്‍ അവര്‍ മൊബൈല്‍ ബാങ്ക് ആപ്പ് തുറക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ നിന്നു പണം കൈമാറാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഞാനതിനു തയ്യാറായില്ല. തുടര്‍ന്ന് അവര്‍ കത്തിയെടുത്ത് എന്റെ കഴുത്തിനു നേരെ പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുഖത്ത് അടിക്കുകയും ചെയ്തു. ഒരു യുവതി എന്റെ പഴ്‌സില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡെടുത്തുകൊണ്ടുപോയി എ.ടി.എമ്മില്‍ നിന്ന് 30,000 ദിര്‍ഹം പിന്‍വലിച്ചു.', യുവാവ് പറഞ്ഞു.

'എന്നെ ഒരു ദിവസം തടങ്കലില്‍ വയ്ക്കുകയും 2,50,000 ദിര്‍ഹം എന്റെ അക്കൗണ്ടില്‍ നിന്ന് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. എന്റെ ഐ ഫോണും അവര്‍ കവര്‍ന്ന ശേഷമാണ് പിറ്റേന്ന് വിട്ടയച്ചത്. ഉടന്‍ തന്നെ ഞാന്‍ ബാങ്കില്‍ വിളിച്ച് വിവരം ധരിപ്പിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.'', യുവാവ് പറഞ്ഞു.

ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് നൈജീരിയന്‍ യുവതികളെ ഷാര്‍ജയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആളുകളെ തങ്ങള്‍ കണ്ടെത്തുന്നതെന്ന് പ്രതികളിലൊരാള്‍ പൊലീസിനോട് പറഞ്ഞു. 

യുവതികളുടെ ചിത്രം പതിച്ച കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ഇന്ത്യന്‍ യുവാവിനെ അപാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടതും പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതായും ഇവര്‍ സമ്മതിച്ചു. കവര്‍ച്ച, വധഭീഷണി, തടങ്കലില്‍ വയ്ക്കുക, അനാശാസ്യം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കേസിന്റെ തുടര്‍ വിചാരണ മാര്‍ച്ച് നാലിനു നടക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top