News Desk

2021-10-15 03:40:57 pm IST
ദോഹ: ഖത്തര്‍ അമീറിന്റെ റോയല്‍ ഫ്‌ളൈറ്റിലെ ആദ്യ മലയാളി പെണ്‍കുട്ടിയായി ശ്രദ്ധനേടി താര ജോര്‍ജ്. വിഖ്യാത സംവിധായകന്‍ കെ.ജി ജോര്‍ജിന്റെയും സല്‍മയുടെയും മകളായ താര 2005ല്‍ എമിറേറ്റ്സ് എയര്‍വേയ്സില്‍ നിന്നാണ് താരയുടെ കരിയര്‍ ആരംഭിക്കുന്നത്. 

എറണാകുളം സെന്റ് തെരേസാസ് കോളജിലെ പഠനശേഷം ഫൈറ്റര്‍ ജെറ്റില്‍ പൈലറ്റ് ആകണമെന്നാഗ്രഹിച്ച് താര ഇന്റര്‍വ്യൂവിന് ശ്രമിച്ചിരുന്നു. എന്നാല്‍ ആഗ്രഹം നടന്നില്ല. തുടര്‍ന്ന് പിതാവിന്റെ സുഹൃത്താണ് കാബിന്‍ ക്രൂ തസ്തികയില്‍ ചേരാന്‍ പ്രേരണയായത്. അങ്ങനെ എമിറേറ്റ്സ് എയര്‍വേയ്സില്‍ ജോലി കിട്ടുകയും ചെയ്തു. 

എമിറേറ്റ്സില്‍ താര ഏഴു വര്‍ഷമാണ് ജോലി ചെയ്തത്. ഒരിക്കല്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള നജ്മ് മെറിറ്റ് പുരസ്‌കാരം ലഭിച്ചു. പിന്നീടാണ് ഖത്തര്‍ റോയല്‍ ഫ്ളൈറ്റില്‍ നിന്ന് ഇന്റര്‍വ്യൂ ഓഫര്‍ വന്നത്. ദോഹയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. ജോലി ലഭിക്കുകയുമായിരുന്നു.

ഖത്തര്‍ അമീറിനും കുടുംബത്തിനുമൊപ്പം ലോകം മുഴുവന്‍ പറക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നെന്ന് താര പറയുന്നു. ഏഴര വര്‍ഷമാണ് ഖത്തര്‍ അമീറിന്റെ റോയല്‍ ഫ്ളൈറ്റില്‍ കാബിന്‍ ക്രൂവായത്.

അതേസമയം, ഖത്തര്‍ രാജ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് സാധിച്ചെന്നും താര പറയുന്നു. അമീര്‍ പേരുവിളിച്ച് അഭിവാദ്യം ചെയ്യുന്നതു വരെയെത്തി പരിചയം. അമീര്‍ മാത്രമല്ല, കുടുംബവും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും റോയല്‍ ഫ്ളൈറ്റിലാണ് സഞ്ചരിക്കുന്നത്. 

രാജകുടുംബവുമായി ഇപ്പോഴും ബന്ധമുണ്ട്. മലയാളികളെ അവര്‍ക്ക് ഇഷ്ടമാണെന്നും അവരുടെ മിക്ക സ്റ്റാഫുകളും മലയാളികളാണെന്നും താര പറയുന്നു. കേരളത്തില്‍ വന്ന് റമദാന്‍ കൂടണം എന്നൊക്കെ അവര്‍ പറയാറുണ്ടെന്നും താര കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ അമീറിന്റെ ബഹുഭൂരിപക്ഷം യാത്രകളും ഔദ്യോഗികമാണെന്ന് താര വിശദീകരിച്ചു. ബെഡ്റൂം, ബാത്ത്റൂം, ലിവിങ് റൂം, സ്പാ, ഹോം തിയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അമീറിന്റെ വിമാനം. 

രാജകുടുംബാംഗങ്ങള്‍ക്കൊപ്പം 35 ദിവസം വരെ താര വിദേശത്തു ചെലവഴിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, യൂറോപ്പ്, യു.എസ്, മാലിദ്വീപ് എന്നിങ്ങനെയായിരുന്നു ആ യാത്രകള്‍.

വേട്ടയാടലും മീന്‍പിടിത്തവുമാണ് രാജകുടുംബത്തിന്റെ ഹോബി. ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ഫിഷിങ്ങിന് പോയിട്ടുണ്ട്. മിലിട്ടറി നിയന്ത്രണത്തിലുള്ള ദ്വീപുകളാണ് അതൊക്കെയെന്നും താര പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top