News Desk

2021-05-07 01:29:44 pm IST
കൊച്ചി: കൊവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. 

ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ 10 സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. 

ഇറക്കുമതി ചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കില്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.

ഇത് ആറാം തവണയാണ് കൊവിഡ് പരിശോധനാ നിരക്ക് കുറച്ചത്. കൊവിഡ് കാലത്തിന്റെ തുടക്കത്തില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്ക് 4500 രൂപ മുതല്‍ 5,000 രൂപ വരെയായിരുന്നു. പരിശോധനാ കിറ്റിന്റെ നിരക്ക് ഏറെ കുറയുകയും അവ ആവശ്യാനുസരണം ലഭ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top