News Desk

2020-02-17 06:32:39 pm IST
മുംബൈ:  കൊറോണ ഒരു വൈറസല്ലെന്നും മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്നും ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി  മഹാരാജ്. 

''കൊറോണ ഒരു വൈറസല്ല, പാവപ്പെട്ട ജീവികളെ സംരക്ഷിക്കാനുള്ള അവതാരമാണ്. അവയെ ഭക്ഷിക്കുന്നവർക്ക്  ശിക്ഷയും മരണവും നല്‍കാന്‍ വേണ്ടിയാണ് അവ വന്നിരിക്കുന്നത്.'' ചക്രപാണി പറഞ്ഞു.

കൊറോണ ബാധയില്‍ നിന്ന് രക്ഷനേടാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കൊറോണയുടെ ഒരു വിഗ്രഹം സൃഷ്ടിക്കുകയും മാപ്പപേക്ഷിക്കുകയും വേണമെന്നാണ് ചക്രപാണി പറയുന്നത്. 

ഒപ്പം എല്ലാ മാംസാഹാരികളായ ചൈനീസ് പൗരന്മാരും ഭാവിയില്‍ നിരപരാധികളായ ഏതെങ്കിലും സൃഷ്ടികളെ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ പറയുന്നത് അതുപോലെ തന്നെ പിന്തുടർന്നാൽ കൊറോണ അതിന്റെ ലോകത്തേക്ക് മടങ്ങി പോകുമെന്നാണ് ചക്രപാണിയുടെ വാദം.

ഇന്ത്യയില്‍ ഇതിനകം മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാര്‍ കൊറോണയെ പേടിക്കേണ്ടതില്ലെന്നാണ് ചക്രപാണിയുടെ പക്ഷം.

ഇന്ത്യക്കാരുടെ ദൈവമായ ഗോമാതാവിനെ ആരാധിച്ചാൽ  വൈറസിനെ തടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതുവരെ 69268 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1670 പേര്‍ മരിച്ചു. ഇതില്‍ കൊറോണ ബാധിച്ച 68500 പേരും മരിച്ച 1666 പേരും ചൈനയിലാണ്. 
 

 
Top