News Desk

2021-06-03 11:05:01 am IST

അബുദാബി: നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ യു.എ.ഇയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ യു.എ.ഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതു മൂലം ആയിരങ്ങളാണ് നാട്ടില്‍ കുടുങ്ങിയത്. ഇന്ത്യയിലെ കൊവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ പറഞ്ഞു. 

ദുബൈയില്‍ ഗ്ലോബല്‍ ഇന്‍വസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 30 വരെ യാത്രാവിലക്ക് തുടരുമെന്നാണ് ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചത്. ഇതോടെ അര്‍മീനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൂടെ യു.എ.ഇയില്‍ എത്താനുള്ള പ്രവാസികളും ബദല്‍ നീക്കവും ശക്തമായി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top