2021-03-07 03:53:09 pm IST
അബുദാബി: പ്രവാസികള്‍ കുടുംബത്തോടെ യു.എ.ഇയിലേക്ക് വരുന്നത് വര്‍ധിച്ചതോടെ ഫാമിലി ഫ്‌ളാറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം നാട്ടിലേക്കു പോകാന്‍ സാധിക്കാത്തവര്‍ കുടുംബത്തെ യു.എ.ഇയിലെത്തിക്കുന്ന പ്രവണത വര്‍ധിച്ചതാണ് ഡിമാന്‍ഡും വിലയും കൂടാന്‍ കാരണം. 

ജോലി നഷ്ടപ്പെട്ടും മറ്റും പല കുടുംബങ്ങളും നാട്ടിലേക്കു മടങ്ങിയതോടെ താമസിക്കാന്‍ ആളില്ലാതെ വിവിധ എമിറേറ്റുകളില്‍ കെട്ടിട വാടക കുറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ കൊവിഡ് നിയന്ത്രങ്ങള്‍ വര്‍ധിച്ചത് മൂലം നാട്ടിലേക്ക് മടങ്ങാനാവാത്തവര്‍ കുടുംബത്തെ യു.എ.ഇയിലെത്തിക്കുകയാണ്. സന്ദര്‍ശക വിസയില്‍ ആണ് എല്ലാവരും കുടുംബത്തെ കൊണ്ടുവന്നിരിക്കുന്നത്.

സാധാരണയായി ഷെയറിങ് രീതിയാണ് ദുബൈയിലെ ഫ്‌ളാറ്റുകളില്‍ ഉള്ളത്. ഷെയറിങ് കിട്ടാതായതോടെ രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ച് ഒരു ഫ്‌ളാറ്റില്‍ താമസിക്കാന്‍ തുടങ്ങി. 

സ്ഥിര താമസത്തിനു വരുന്നവര്‍ ഫ്‌ലാറ്റെടുക്കുകയാണ് ചെയ്യുന്നത്. സ്റ്റുഡിയോ, വണ്‍ബെഡ്‌റൂം ഫ്‌ളാറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടിയത്. അബുദാബിയില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മുസഫ ഷാബിയ, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ് എന്നിവിടങ്ങളിലാണ് ഹ്രസ്വകാല താമസത്തിന് ആവശ്യക്കാര്‍ കൂടിയത്. 

മാസ വാടക 1800-2000 ദിര്‍ഹത്തില്‍ നിന്ന് 2000-2500 ദിര്‍ഹമായി മാറി. ഒരു ബെഡ് റൂം മാത്രമുള്ള ഫ്‌ലാറ്റിന് 35,000 മുതല്‍ 40,000 വരെയാണ് വാടക ഈടാക്കുന്നത്. രണ്ട്  ബെഡ് റൂം ഫ്‌ളാറ്റിനു 45,000 മുതല്‍ 65,000 വരെ നല്‍കണം.

നഗരത്തിലെ ഫ്‌ലാറ്റുകളില്‍ താമസിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. പാര്‍ക്കിങ് പ്രശ്‌നവും വാടകയിലുള്ള വലിയ വിത്യാസവും ആണ് ഇതിന് പ്രധാന കാരണം. നഗരത്തിന് പുറത്തുള്ള താമസസ്ഥലങ്ങള്‍ ആണ് പലരും കൂടുതലായി ഇഷ്ടപ്പെടുന്നത്. 

വാഹന സൗകര്യമില്ലാത്തവര്‍ ജോലിക്ക് പോകാനും വരാനും എളുപ്പം നോക്കി നഗരത്തില്‍ നിന്നും മാറിയാണ് ഫ്‌ലാറ്റ് എടുക്കാന്‍ ഇഷ്ടപ്പെടുന്നത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് നടക്കുന്നത്. 

അതുകൊണ്ട് തന്നെ വലിയ തിരക്കൊന്നും റോഡില്‍ അനുഭവപ്പെടുന്നില്ല. സാധാരണ പ്രവാസി കുടുംബങ്ങളുടെ വരവ് നാട്ടില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ അടക്കുമ്പോള്‍ ആണ്. ആ സമയത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top