News Desk

2021-05-16 12:07:40 pm IST

ടെല്‍ അവീവ്: ഗാസയ്ക്ക് എതിരായ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു, മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

'ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഞങ്ങള്‍ ഗാസ ഓപ്പറേഷന്‍ തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം തുടരും. ഹമാസ് സാധാരണക്കാരുടെ പിന്നില്‍ ഒളിച്ച് ആ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. തീവ്രവാദികളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്.', നെതന്യാഹു പറഞ്ഞു.

ഹമാസുമായി ചര്‍ച്ചകള്‍ക്കൊടുവില്‍ ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറും ഇസ്രായേല്‍ തള്ളി. അതേസമയം, ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. അസോസിയേറ്റഡ് പ്രസ്, അല്‍ജസീറ ഉള്‍പ്പെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അല്‍ ജലാ ടവര്‍ ഇന്നലെ ഇസ്രായേല്‍ തകര്‍ത്തിരുന്നു. 

ഫലസ്തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്ഥാനം പ്രവര്‍ത്തിച്ച 12 നില ടവറിനു നേരെ ബോംബറുകള്‍ വര്‍ഷിക്കുകയായിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അവശ്യ വസ്തുക്കള്‍ മാറ്റാന്‍ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയായിരുന്നു തുടര്‍ച്ചയായുള്ള ബോംബു വര്‍ഷം. ആക്രമണത്തില്‍ ഓഫീസ് നാമാവശേഷമായിട്ടുണ്ടെങ്കിലും യുദ്ധ ക്കുറ്റങ്ങള്‍ക്ക് ഇസ്രായേലിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അല്‍ജസീറ പ്രതികരിച്ചു.

ഇസ്രായേലില്‍ ഫലസ്തീനി-ജൂത ഏറ്റുമുട്ടലും അതിവേഗം വ്യാപിക്കുകയാണ്. പൊലീസ് വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ അക്രമത്തെ എതിര്‍ത്തും ഫലസ്തീനെ പിന്തുണച്ചും ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. യു.കെ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ഖത്തര്‍, ഇറാഖ്, ലെബനണ്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top