News Desk

2021-02-07 01:16:48 pm IST

കോഴിക്കോട്: കത്‌വ, ഉന്നാവോ കേസുകളില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കത്‌വ കുടുംബത്തിന്റെ അഭിഭാഷക ദീപികാ സിംഗ് രജാവത്ത്.

കത്‌വ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. 

എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.

'വിചാരണ നടത്തിയത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. എല്ലാവര്‍ക്കും അറിയുന്നത് പോലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കേണ്ട ആവശ്യമില്ല. മുബീന്‍ ഫാറൂഖി എന്നയാള്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷെ വിചാരണയില്‍ പങ്കെടുത്തുവെന്നാണ് ഇദ്ദേഹം പറയുന്നത്. അത് തെറ്റാണ്.', ദീപികാ സിംഗ് രജാവത്ത് പറഞ്ഞു. ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളുടെ ഭാഗമായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കത്‌വ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. 

ഫണ്ട് പിരിവില്‍ സംശയം പ്രകടിപ്പിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി ശിഹാബ് തങ്ങളും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു. സംഭവത്തില് അന്വേഷണം നടത്തണമെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top