News Desk

2021-03-19 03:12:46 pm IST

കുവൈത്ത് സിറ്റി: 15 രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേയ്ക്ക് വരുന്നവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പി.സി.ആര്‍ പരിശോധന നടത്തുന്ന ലാബുകളുടെ പട്ടിക പുറത്തുവിട്ടു. ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ ലാബുകളാണ് പട്ടികയിലുള്ളത്.

മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് അക്രഡിറ്റര്‍ (മുന) അംഗീകരിച്ചതായിരിക്കണം പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാബുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ലാബുകള്‍: മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലബോറട്ടറി: മാംഗളൂരു, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, കൊച്ചി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഗോവ, തിരുവനന്തപുരം.

മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലെ ദി സബര്‍ബന്‍ ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറി, ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലെ തൈറോകെയര്‍ ടെക്‌നോളജീസ് ലിമിറ്റഡ് ലബോറട്ടറീസ് എന്നീ ലാബുകളില്‍ നിന്നാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. 

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ നെഗറ്റീവ് റിസല്‍ട്ടായിരിക്കണം ഹാജരാക്കേണ്ടത്. അതേസമയം, ജലദോഷം, തുമ്മല്‍, ചുമ, പനി പോലുള്ള കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടാവാനും പാടില്ല.

അതേസമയം, ലോകത്ത് കൊവിഡ് വ്യാപന നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് അക്രഡിറ്റര്‍ സംവിധാനം കുവൈത്ത് ആവിഷ്‌ക്കരിച്ചതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗി അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top