News Desk

2021-03-10 03:10:41 pm IST
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയില്‍ അയവ് വന്നതോടെ വിവിധ രാജ്യങ്ങളിലെ വിപണി സജീവമായി. ഇതോടെ എണ്ണവിലയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.
പെട്രോളിയം വില കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന നിലയും കടന്ന് മുകളിലേക്ക് ഉയരുകയാണ്. 

ബാരലിന് 68.98 ഡോളര്‍ ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ ദിവസത്തില്‍നിന്ന് 1.91 ഡോളര്‍ ഉയര്‍ന്നാണ് ഈ നില കൈവരിച്ചത്. 2020ല്‍ ലഭിച്ച ഏറ്റവും കൂടിയ വില ജനുവരിയിലെ 63.27 ഡോളറാണ്. 

ഫെബ്രുവരിയില്‍ ഇതു ഭേദിച്ചെങ്കിലും പിന്നീട് താഴേക്ക് പോയി. ഇപ്പോള്‍ ഗണ്യമായ പുരോഗതിയുണ്ടായത് കുവൈത്ത് ഉള്‍പ്പെടെ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. 

കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് സാമ്പത്തിക വ്യവസ്ഥ കരകയറാന്‍ വിവിധ രാജ്യങ്ങള്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതാണ് എണ്ണവിലയിലും പ്രതിഫലിക്കുന്നത്.

എണ്ണ വില ബാരലിന് 100 ഡോളര്‍ വരെ വര്‍ധിച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാചസ്, ജെ.പി മോര്‍ഗന്‍ എന്നിവ പ്രവചിക്കുന്നു. അതേസമയം, 2014നു ശേഷം എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിട്ടില്ല.

മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മി നികത്താന്‍ കടമെടുക്കുകയാണ്. കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യം കരകയറി വരുകയാണ്. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിനു ശേഷം ക്രമേണ വര്‍ധിച്ചാണ് ഈ നിലയിലെത്തിയത്. 2020ല്‍ ലഭിച്ച ശരാശരി വില 20.64 ഡോളര്‍ മാത്രമാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top