News Desk

2021-04-12 10:52:15 am IST
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ പ്രാര്‍ത്ഥനക്കായി പള്ളികളിലെത്തുന്നവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ അവ്കാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം പുറപ്പെടുവിച്ചു.

ആസാന്‍ കഴിഞ്ഞ് അഞ്ച് മിനിറ്റിന് ശേഷം എല്ലാ പ്രാര്‍ത്ഥനകളും ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പള്ളികളുടെ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്നലെ ഇമാമുകള്‍ക്ക് നല്‍കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. 

ഓരോ പ്രാര്‍ത്ഥനയും അവസാനിച്ച് അഞ്ച് മിനിറ്റിന് ശേഷം അണുവിമുക്തമാക്കല്‍, അടുത്ത പ്രാര്‍ത്ഥനയ്ക്കുള്ള തയ്യാറെടുപ്പുകള്‍ എന്നിവയ്ക്കായി പള്ളികള്‍ അടച്ചിടും. കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തുന്നവര്‍ സ്വന്തമായി പ്രാര്‍ത്ഥന പായ കൊണ്ടു വരണം. മാസ്‌ക് ധരിക്കല്‍, ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ്, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം. അതേസമയം, അഞ്ച് നേരം നിസ്‌കാരവും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും പള്ളികളില്‍ തുടരും.

പ്രാര്‍ത്ഥനകള്‍ക്കായി 12 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ കൊണ്ടുവരരുതെന്നും നിര്‍ദേശമുണ്ട്. പള്ളികള്‍ക്കുള്ളില്‍ വെള്ളമോ ഭക്ഷണമോ വിതരണം ചെയ്യാനോ പള്ളികള്‍ക്കകത്തോ പുറത്തോ ഇഫ്താര്‍ ടേബിളുകള്‍ സ്ഥാപിക്കാനോ അനുമതിയില്ല.

തറാവീഹ് പ്രാര്‍ത്ഥന, തഹജ്ജുദ് എന്നിവ പള്ളികളില്‍ അനുവദനീയമല്ല. പ്രാര്‍ത്ഥനയുടെ ആരംഭത്തോടെ പള്ളിയില്‍ വഹിക്കാവുന്ന പരമാവധി ആരാധകരുടെ  ശേഷിയിലെത്തുമ്പോള്‍ പ്രാര്‍ത്ഥന ഹാളുകളുടെ വാതിലുകള്‍ അടയ്ക്കും.

വനിതാ പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, കുളിമുറി, വുദു സ്ഥലം, വാട്ടര്‍ കൂളറുകള്‍ എന്നിവ അടച്ചിരിക്കും. അതേസമയം, വ്യക്തിഗത പായയും ഖുര്‍ആന്റെ പകര്‍പ്പുകളും പള്ളികളില്‍ ഉപേക്ഷിക്കാന്‍ പാടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top