News Desk

2021-04-03 10:21:41 pm IST
ലഖ്‌നൗ: യു.പി കാണ്‍പൂര്‍ ജില്ലയിലെ അക്ബര്‍പൂരില്‍ നഴ്‌സിന്റെ അശ്രദ്ധമൂലം വാക്‌സിനെടുക്കാന്‍ വന്ന 50കാരിക്ക് നല്‍കിയത് രണ്ടു ഡോസ് വാക്‌സിന്‍. കമലേഷ് കുമാരി എന്ന സ്ത്രീക്കാണ് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയത്. 

വീട്ടിനടുത്ത മര്‍ഹൗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഇവര്‍ വാക്‌സിനെടുക്കാന്‍ പോയത്. ഫോണില്‍ സംസാരിച്ചുകൊണ്ടായിരുന്നു ഇവിടെ നഴ്‌സ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തുകൊണ്ടിരുന്നത്. അശ്രദ്ധയോടെ കമലേഷ് കുമാരിക്ക് രണ്ട് പ്രാവശ്യം കുത്തിവെപ്പ് എടുക്കുകയായിരുന്നു.

ഇതിനെ കുറിച്ച് നഴ്‌സിനോട് ഇവര്‍ ചോദിച്ചുവെങ്കിലും, അബദ്ധം സമ്മതിക്കാതെ തട്ടിക്കയറുകയാണ് നഴ്‌സ് ചെയ്തത്. അതേസമയം, കമലേഷ് കുമാരിക്ക് കുത്തിവെപ്പെടുത്ത കൈയില്‍ വേദനയുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഇല്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

സംഭവം വാര്‍ത്തയായതോടെ ഉന്നത അധികൃതര്‍ ഇടപെട്ടു. സംഭവം ഗൗരവമായി കാണുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. സംഭവത്തില്‍ റിപ്പോര്‍ട്ട്  നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത് നാല് ആഴ്ച പിന്നിട്ട ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top