News Desk

2021-02-10 07:37:58 pm IST
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഈ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമമടക്കമുള്ള വിശദാംശങ്ങള്‍ വ്യാഴാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. 14ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ് നാട്ടില്‍ നിന്നാണ് അദ്ദേഹമെത്തുന്നത്. അതിനാല്‍ കേരളത്തിലെ പദ്ധതി ഉദ്ഘാടനത്തിന് ഓണ്‍ലൈനായി പങ്കെടുക്കാതെ നേരിട്ടെത്തുന്നതിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്.

6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്ട്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്‌യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍. 

പ്രധാനമന്ത്രിയുടെ സൗകര്യവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒരു ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. 2019 ജൂണിലാണ് മോദി അവസാനമായി കേരളം സന്ദര്‍ശിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top