News Desk

2021-04-22 08:08:52 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്നതിനാല്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും കിട്ടുന്നതുവരെ കാത്തു നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് കാംപുകള്‍ സജ്ജീകരിക്കും. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട 1.65 കോടിയാളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചു. രോഗികള്‍ ക്രമാതീതാമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ രണ്ട് സെക്ടറായി തിരിച്ച് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top