കണ്ണൂര്‍: പിണറായിയിലെ വീടും സ്ഥലവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമയ്ക്കും ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെയും സ്വത്താണ് ഉള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളില്‍ മുഖ്യമന്ത്രിക്ക് 204048 രൂപയും ഭാര്യയ്ക്ക് 2976717 രൂപയുമുണ്ട്.
ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന പിണറായി വിജയന്റെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍. ഇതു പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപയാണ്. റിട്ട. അധ്യാപിക കൂടിയായ കമലയുടെ കൈയ്യില്‍ 2000 രൂപയും. ധര്‍മടം മണ്ഡലത്തിലേക്കുള്ള പിണറായി വിജയന്റെ പത്രിക റിട്ടേണിങ് ഓഫിസറായ കണ്ണൂര്‍ എ.ഡി.സി (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസിനു മുന്‍പാകെയാണു സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികകളാണ് നല്‍കിയത്.
തലശ്ശേരി എസ്.ബി.ഐയില്‍ പിണറായി വിജയന് 78,048.51 രൂപയും പിണറായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപയുടെ 1000 ഷെയറും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. ഇതിന് പുറമേ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (കിയാല്‍) ഒരു ലക്ഷം രൂപയുടെ ഓഹരിയുണ്ട്. കമലയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഓഹരിയും.
സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ല. ബാങ്ക് നിക്ഷേപവും ഷെയറുമടക്കം ആകെ 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമേ പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം വില വരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായി വിജയന്റെ വരുമാനം.
മൂന്ന് കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പിണറായി വിജയന് ടി.നന്ദകുമാറിനെതിരെ നല്കിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അനുബന്ധ കേസും സുപ്രീം കോടതിയില്‍ പെന്‍ഡിങ്ങിലുള്ള ലാവ്ലിന് കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. പിണറായിക്കോ ഭാര്യക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാധ്യതകളോ ഇല്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക