News Desk

2021-05-18 09:47:40 pm IST
ന്യൂഡല്‍ഹി: കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ  86 ശതമാനം പേര്‍ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവില്‍ കൊവിഡ് ബാധിച്ചതെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു. 

കേരളത്തിലേതടക്കം നിയന്ത്രണങ്ങള്‍ കേസുകള്‍ കുറയാന്‍ കാരണമാകുന്നുയെന്നും ഇത് കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും നീതി ആയോഗ് അറിയിച്ചു. ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് ആവര്‍ത്തിച്ചു. വാക്‌സിനേഷന്‍ കഴിഞ്ഞവരില്‍ വീണ്ടും കൊവിഡ് വരുന്നതില്‍ ആശങ്ക വേണ്ട. തുടര്‍ രോഗബാധ ഗുരുതരമാകില്ല. ചെറിയ ശതമാനം കേസുകളില്‍ മാത്രമേ ആശുപത്രി വാസം വേണ്ടിവരുന്നുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 4329 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 2,78,719 ആയി.  ഇന്ത്യയിലെ ആകെ  കൊവിഡ് കേസുകള്‍ രണ്ടര കോടി കടന്നു.  24 മണിക്കൂറില്‍ 2, 63, 533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കൊവിഡ് വ്യാപനത്തില്‍ മൂന്ന് കോടി മുപ്പത് ലക്ഷം കേസുകള്‍ സ്ഥിരീകരിച്ച അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 29 ദിവസം കൊണ്ടാണ് കൊവിഡ് കേസുകള്‍ ഒന്നര കോടിയില്‍ നിന്ന് രണ്ടര കോടിയായി ഉയര്‍ന്നത്. കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമായി ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ രണ്ടര കോടിയായി ഉയരുമ്പോള്‍ ഇതില്‍ ഇരുപത്തിയൊന്ന് ശതമാനവും മഹാരാഷ്ട്രയിലാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 8.6 ശതമാനമാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. അതേസമയം, ദില്ലിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കൊവിഡ് കേസുകള്‍ പതിനായിരത്തിന് താഴെ എത്തിയത് ആശ്വാസമായി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top