News Desk

2021-06-20 10:38:14 pm IST
കൊച്ചി: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ആര്‍.എസ്.എസ്. കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസ്-ബി.ജെപി നേതൃയോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി നേതൃത്വം മുന്നോട്ടുപോകുന്നതിനാല്‍ അനിവാര്യമായ പുരോഗതി സംസ്ഥാനത്ത് പാര്‍ട്ടിയ്ക്കുണ്ടാകുന്നില്ലെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നേതൃത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഏകോപനത്തിലും പ്രവര്‍ത്തനങ്ങളിലും കാര്യമായ വിഴ്ചയുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുണ്ടായ അനാവശ്യ വിവാദങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായി.

ഓരോ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചു. സംഘപരിവാര്‍ സംഘടനകളും ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് കോഴ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയ്ക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വെളിപ്പെടുത്തലുകളിലടക്കം പാര്‍ട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം ഗണേഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ ആര്‍.എസ്.എസിനെ വലിച്ചിഴച്ചതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. വിവാദങ്ങളെ  ഒറ്റക്കെട്ടായി നേരിടാനും യോഗത്തില്‍ ധാരണയായി. ആവശ്യമെങ്കില്‍ ഉചിതമായ സമയങ്ങളില്‍ നിയമനടപടികള്‍ സ്വീകരിയ്ക്കണമെന്നും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോഴക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരട്ടത്താപ്പിനെതിരെ കോടതിയെ സമീപിക്കാന്‍ ബി.ജെ.പി നിയമോപദേശവും തേടുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
RSS BJP
Top