News Desk

2021-05-16 12:37:48 pm IST

ദോഹ: ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ നിലപാടില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്നും ഫലസ്തീന്‍ ജനതക്ക് ഖത്തറിന്റെ അടിയുറച്ച പിന്തുണയുണ്ടെന്നും ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ്. അല്‍ ഖുദ്‌സും അല്‍ അഖ്‌സയും അറബ് ജനതക്കും ഇസ്‌ലാമികലോകത്തിനും തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ സംഘടിപ്പിച്ച അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കന്‍ ജറുസലേം ആസ്ഥാനമാക്കി, 1967-ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പുനസ്ഥാപനത്തിന് ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായും ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

'ഇസ്രായേലിന്റെ ബുള്ളറ്റുകളെ ധൈര്യമായി നേരിട്ട് ഗസ്സയിലും ശൈഖ് ജര്‍റാഹ് അതിര്‍ത്തിയിലും ഡമസ്‌കസ് ഗേറ്റിലും അല്‍ അഖ്‌സ പള്ളിയിലും നിലകൊള്ളുന്ന ഫലസ്തീന്‍ ജനതക്ക് എല്ലാ അഭിവാദ്യങ്ങളും അര്‍പ്പിക്കുകയാണ്.'

ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും അനധികൃത കുടിയേറ്റം നിര്‍ത്തലാക്കുന്നതിനും അറബ് സമൂഹത്തിന്റെ ഐക്യം അനിവാര്യമാണെന്നും കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top