News Desk

2021-02-04 06:07:37 pm IST
ലഖ്‌നൗ: അയോധ്യയില്‍ മുസ്ലീം പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ അലഹബാദ് ഹൈകോടതിയെ സമീപിച്ചു. 

ഡല്‍ഹി സ്വദേശികളായ റാണി കപൂര്‍ എന്ന റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവരാണ് ഹരജി നല്‍കിയത്. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ച് ഈമാസം എട്ടിന് ഹരജി പരിഗണിക്കും.

തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

വിഭജനകാലത്ത് പഞ്ചാബില്‍ നിന്നു വന്ന പിതാവ് ഫൈസാബാദില്‍ (ഇപ്പോള്‍ അയോധ്യ) താമസമാക്കുകയായിരുന്നു. ധനിപൂര്‍ വില്ലേജില്‍ അഞ്ചു വര്‍ഷത്തേക്ക് 28 ഏക്കര്‍ അദ്ദേഹത്തിനു പതിച്ചുകിട്ടി. 

ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.

പിന്നീട് രേഖകളില്‍ നിന്ന് പേര് ഇല്ലാതായി. പക്ഷേ, പിതാവ് അയോധ്യയിലെ അഡീഷനല്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കി പേര് പുനസഥാപിച്ചു. പിന്നീട് ഏകീകരണ പ്രക്രിയകള്‍ നടന്നപ്പോള്‍ കണ്‍സോളിഡേഷന്‍ ഓഫിസര്‍ വീണ്ടും പിതാവിന്റെ പേര് രേഖകളില്‍ നിന്ന് മാറ്റി. 

ഇതിനെതിരെ കണ്‍സോളിഡേഷന്‍ സംബന്ധിച്ച സെറ്റില്‍മെന്റ് ്ഓഫീസര്‍ മുമ്പാകെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് തങ്ങളുടെ പിതാവിന്റെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ പള്ളി നിര്‍മിക്കാനായി വഖഫ് ബോര്‍ഡിന് അനുവദിച്ചത്.

സെറ്റില്‍മെന്റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാകുന്നതുവരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത് ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 

ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top