News Desk

2021-03-10 04:11:17 pm IST
ജിദ്ദ: സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴില്‍ പരിഷ്‌ക്കരണ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഇത് പ്രാബല്യത്തിലാകുന്നത് മാര്‍ച്ച് 14 മുതലാണ്.

കഴിഞ്ഞ നവംബര്‍ നാലിനാണ് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പരിചയപ്പെടുത്താനും സംശയങ്ങള്‍ ദുരീകരിക്കാനും ഇതിനകം വിവിധങ്ങളായ പരിപാടികള്‍ വിവിധ ചേംബറുകളുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ തൊഴില്‍ പരിക്ഷ്‌ക്കരണ പദ്ധതി നടപ്പിലാക്കുന്നത്.

വ്യവസ്ഥാപിതവും ആകര്‍ഷകവുമായ രീതിയില്‍ തൊഴില്‍ വിപണി കെട്ടിപ്പടുക്കുക, ആഗോള വിപണിയുമായുള്ള മത്സരശേഷി വര്‍ധിപ്പിക്കുക, മാനുഷികമായ കഴിവുകള്‍ ശാക്തീകരിക്കുക, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുക, വിദഗ്ധരായവരെ സൗദി വിപണിയിലേക്ക് ആകര്‍ഷിക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് പ്രധാനമായും പരിഷ്‌കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

തൊഴില്‍ അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പല പരിപാടികളും നേരത്തെ നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന തൊഴില്‍ പരിഷ്‌കരണ പദ്ധതി.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുടമയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലാതെ തൊഴിലാളിക്ക് തൊഴില്‍ മാറ്റം അനുവദിക്കും, റീഎന്‍ട്രി, എക്‌സിറ്റ് വിസകള്‍ തൊഴിലാളിക്ക് സ്വന്തമായി നേടാന്‍ സാധിക്കും. വിവരം തൊഴിലുടമയെ ഇ-സംവിധാനം വഴിയായിരിക്കും അറിയിക്കുക.

കരാര്‍ സേവനം അവസാനിച്ച ഉടന്‍ തൊഴിലാളിക്ക് അന്തിമ എക്‌സിറ്റ് സേവനവും ലഭ്യമാകും. അതിനു തൊഴിലുടമയുടെ സമ്മതം ആവശ്യമില്ല തുടങ്ങിയവ പുതിയ തൊഴില്‍ പരിഷ്‌കരണത്തിലുള്‍പ്പെടും. എന്നാല്‍ പുതിയ പരിഷ്‌കരണ പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുകയില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top