News Desk

2021-02-19 12:38:10 pm IST
നാദാപുരം: കോഴിക്കോട് നാദാപുരത്ത് വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കാണാനെത്തിയതായിരുന്നു അജ്‌നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്‌നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റു. 

പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസ് (30) നെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 

ഒരാഴ്ചക്കുള്ളില്‍ നാദാപുരം മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞദിവസം ഒരു പ്രവാസി വ്യവസായിയെയും തട്ടിക്കൊണ്ടുപോയിരുന്നു.

തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം രാമനാട്ടുകരക്കടുത്ത് ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയായിരുന്നു. അതേസമയം, ഈ സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top