News Desk

2021-04-12 12:59:05 pm IST

കൊച്ചി: ഒ.ടി.ടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനു വിലക്കെര്‍പ്പെടുത്തുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ താക്കീദ്. 

മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. 

ഇനിയും ഒ.ടി.ടി. റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളെ അത് ദോഷകരമായി ബാധിക്കുമെന്നാണ് സംഘടനയുടെ താക്കീത്. 

പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ ബന്ധപ്പെട്ട് ഫിയോക്കിന്റെ തീരുമാനങ്ങള്‍ അറിയിച്ചിരുന്നു. ഫഹദിന്റെ തീരുമാനം എന്താണെന്നുള്ള വിവരം പുറത്ത് വന്നിട്ടില്ല. 

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത് വന്‍വിജയമായി മാറിയ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2' തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top