News Desk

2021-04-26 03:49:04 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. അതേസമയം, രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ശക്തമായ, കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ള രീതിയില്‍ത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകള്‍ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു.

വോട്ടെണ്ണല്‍ ദിവസം ആഹ്‌ളാദപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാര്‍ട്ടികളും യോജിച്ചു. വിവിധ പാര്‍ട്ടികള്‍ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യണം. ആദിവാസി മേഖലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായിട്ടുണ്ട്. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.

ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. എല്ലാ ജില്ലാ കളക്ടര്‍മാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍മാര്‍ മതനേതാക്കളെ അറിയിക്കും. അതിന് ശേഷം യുക്തമായ തീരുമാനം സ്വീകരിക്കാവുന്നതാണെന്നും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. 

സര്‍വകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍: 

കടകളുടെ പ്രവര്‍ത്തനം രാത്രി 7.30 വരെയെന്നത് തുടരണം 

കൊവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ന്‍മെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കര്‍ശനമാക്കും. 

രാത്രികാല കര്‍ഫ്യു തുടരും.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തില്‍ ആഹ്ലാദപ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ല. 

അണികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കണം. 

ആരാധനലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. 

ജില്ലാ കലക്ടര്‍മാര്‍ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് സര്‍വകക്ഷി യോഗ നിര്‍ദേശങ്ങള്‍ അറിയിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top