News Desk

2021-05-02 08:08:06 pm IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും നിലം തൊടാതെ തോല്‍പ്പിക്കാന്‍ ആയെങ്കിലും ഏറെ വിയര്‍ക്കേണ്ടി വന്നത് നാല് സ്ഥാനാര്‍ഥികള്‍ക്കാണ്. 

നേമം മണ്ഡലത്തെ എന്‍.ഡി.എയില്‍ നിന്നു തിരിച്ചു പിടിച്ച സി.പി.ഐ.എം സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി, പാലക്കാട്ടെ കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റില്‍ വീണ്ടും അങ്കത്തിനിറങ്ങിയ ഷാഫി പറമ്പില്‍, തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന്‍, മഞ്ചേശ്വരത്ത് മുസ്‌ലീം ലീഗിന്റെ എ.കെ.എം അഷറഫ് എന്നിവരാണ് ആ നാലു പേര്‍. 

2016-ല്‍ കേരളത്തിലാദ്യമായി എന്‍.ഡി.എ അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തില്‍ ഇക്കുറി ബി.ജെ.പി രംഗത്തിറക്കിയത് കുമ്മനം രാജശേഖരനെ ആയിരുന്നു. എന്നാല്‍ ഇക്കുറി വി.ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു. 5750 വോട്ടുകള്‍ക്കാണ് ശിവന്‍കുട്ടി വിജയിച്ചത്. 

കഴിഞ്ഞ തവണ 89 വോട്ടിന് സീറ്റ് നഷ്ടപ്പെട്ട ബി.ജെ.പിയുടെ കെ. സുരേന്ദ്രന്‍ ഇക്കുറി വിജയം ഉറപ്പിച്ചാണ് മഞ്ചേശ്വരത്ത് മത്സരത്തിനിറങ്ങിയത്. ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങിയ കെ.സുരേന്ദ്രനെ മുസ്‌ലീം ലീഗിന്റെ എ.കെ.എം. അഷറഫ് 700 വോട്ടിനാണ് തറപറ്റിച്ചത്.

ബി.ജെ.പി രംഗത്തിറക്കിയ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഷാഫി പറമ്പിലിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ആദ്യ ഘട്ടത്തില്‍ മുന്നിട്ട് നിന്ന ശ്രീധരനെ 3840 വോട്ടിന്റെ ലീഡിലാണ് ഷാഫി പരാജയപ്പെടുത്തിയത്. 

കടുത്ത വെല്ലുവിളി തന്നെയാണ് സുരേഷ് ഗോപി തൃശൂരില്‍ ഉയര്‍ത്തിയത്. ലീഡ് നില മാറി മറിഞ്ഞെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്റെ മുന്നില്‍ സിനിമാ താരത്തിന് പരാജയപ്പെടെണ്ടി വന്നു. മാറി മറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ 1215 വോട്ടിന്റെ ലീഡിലാണ് ബാലചന്ദ്രന്‍ ജയിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top