News Desk

2021-04-11 02:37:52 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ചില നഗരങ്ങളിലും ജില്ലകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 170,000 നടുത്ത് ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം ഒന്നര ലക്ഷം കടന്നതോടെ ചില സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയിലാണിപ്പോള്‍.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്: 

1. മഹാരാഷ്ട്ര: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച തീരുമാനം ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കിയാല്‍ ദരിദ്രരുടെയും തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും പ്രശ്‌നങ്ങള്‍ കാര്യമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

2. ഡല്‍ഹി: കൊവിഡ് വ്യാപനചത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ഒത്തുചേരലുകള്‍ മറ്റൊരു മുന്നറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 

3. ഉത്തര്‍പ്രദേശ്: കൊവിഡ് വ്യാപനം തടയാനായി സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാണ്‍പൂര്‍, പ്രയാഗ്‌രാജ്, ബറേലി ജില്ലകളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 

കൂടാതെ, ആരാധനാലയങ്ങളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

4. മധ്യപ്രദേശ്: മധ്യപ്രദേശ് സര്‍ക്കാര്‍ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 19 വരെ, ബര്‍വാനി, രാജ്ഗഡ്, വിദിഷ, ഇന്‍ഡോര്‍ സിറ്റി, റൗ നഗര്‍, മാഹു നഗര്‍, നര്‍സിംഗ്പുര്‍, ഷാജാപുര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോഡ്കൗണ്‍ നീട്ടി. മറ്റ് ചിലയിടങ്ങളില്‍ ലോക്ഡൗണ്‍ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

5. കര്‍ണാടക: ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാര്‍, തുംകുരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ 10 ദിവസത്തെ കൊറോണ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ. ഏപ്രില്‍ 10 മുതലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. 

ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. അതേസമയം, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടില്ലെങ്കില്‍ കര്‍ഫ്യൂ സംസ്ഥാനം മുഴുവനായി വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top