News Desk

2021-06-17 05:32:43 pm IST
കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനു വേണ്ടിയാണ് ലോകമെമ്പാടും വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിനേഷന്‍ ഒരു പരിധിവരെ കൊവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ നമ്മെ സഹായിക്കും. ഇന്ത്യയില്‍ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് പ്രതിരോധ കുത്തിവെയ്പ്പിനായി ഉപയോഗിക്കുന്നത്. എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

കൂടുതല്‍ ആളികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് വൈറസിന്റെ വ്യാപനം കുറയ്ക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാം. 2 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരിലും പരീക്ഷണങ്ങള്‍ നടക്കുന്നതിനാല്‍ ഇവര്‍ക്കും വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് സൂചനകള്‍.

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. ചിലര്‍ക്ക് തലവേദന, വിശപ്പ് കുറയുക, തലകറക്കം, ഓക്കാനം, ഛര്‍ദ്ദി, അടിവയറ്റിലെ വേദന, ചൊറിച്ചില്‍, തിണര്‍പ്പ്, ശരീരവേദന, ക്ഷീണം, പനി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടാം. ഈ പ്രശ്‌നങ്ങള്‍ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുന്നതിലൂടെ അവ പരിഹരിക്കാന്‍ സാധിക്കും. 

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം, കരള്‍ രോഗം, തൈറോയ്ഡ് രോഗം, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാല്‍ വാക്‌സിന്‍ എടുക്കണം. വാക്‌സിനേഷന്‍ സ്വീകരിക്കുന്ന സ്ഥലത്ത് കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

അതുപോലെ തന്നെ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ ഏതെങ്കിലും മരുന്നിനോ വാക്സിനോ അലര്‍ജിയുണ്ടെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അക്കാര്യം അറിയിക്കണം. അതേസമയം, ആദ്യ ഡോസ് വാക്‌സിനില്‍ അലര്‍ജിയുള്ള വ്യക്തി രണ്ടാമത്തെ ഡോസ് എടുക്കരുത്.

കൂടാതെ പനി, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നമുള്ളവര്‍ രോഗലക്ഷണം മാറുന്നതു വരെ വാക്‌സിനേഷന്‍ സ്വീകരിക്കരുത്. ത്രോംബോസൈറ്റോപീനിയ (പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയല്‍), ആന്റിഓകോഗുലന്റ് (രക്തം നേര്‍ത്തതാവുക) പോലുള്ള രക്ത സംബന്ധമായ അസുഖമുള്ളവര്‍ കഴിക്കുന്ന മരുന്നിനെക്കുറിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

ആദ്യ ഡോസ് സ്വീകരിച്ച അതേ വാക്‌സിന്റെ തന്നെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ പാടുള്ളു. വ്യത്യസ്തമായ രണ്ടു ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ പാടില്ല. അതേസമയം,   ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുക്കരുത്. രണ്ട് ഡോസ് വാക്‌സിനും എടുക്കേണ്ടത് ആവശ്യമാണ്. എന്തെന്നാല്‍ ഒറ്റ ഡോസ് എടുത്തവരെ അപേക്ഷിച്ച് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അണുബാധക്കുള്ള സാധ്യത കുറവാണ്. 

പൂര്‍ണ്ണമായ വാക്‌സിനേഷന് ശേഷം മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല എന്ന ധാരണ ചിലര്‍ക്കിടയിലുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും മാസ്‌ക് ധരിക്കണം. എന്തെന്നാല്‍ ഒരു വാക്‌സിനും വൈറസിനെതിരെ 100 ശതമാനം സംരക്ഷണം നല്‍കുന്നില്ല. അതിനാല്‍ മാസ്‌ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ എല്ലാ മുന്‍കരുതലുകളും വാക്‌സിനേഷന് ശേഷവും തുടരണം. പുകവലി, മദ്യം എന്നിവ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നതിനാല്‍ പുകവലിക്കാരും മദ്യപാനികളും അവ ഒഴിവാക്കുന്നത് ഉചിതമായിരിക്കും. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top