കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കുവൈത്തില്‍ റമദാന് മുന്നൊരുക്കങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ ചര്‍ച്ച ആരംഭിച്ചു. കൊവിഡ് പകര്‍ച്ചവ്യാധി ഈ റമദാനിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് അധികൃതര്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചത്.
കഴിഞ്ഞവര്‍ഷം കൊവിഡിന്റെ ആരംഭഘട്ടത്തില്‍ പള്ളികള്‍ അടച്ചിടലും ലോക് ഡൗണും കര്‍ഫ്യൂവും എല്ലാമായി മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു റമദാന്. സംഘടിത നമസ്കാരവും ഭജനയിരിക്കലും സമൂഹ നോമ്പുതുറയും മറ്റു പൊതുപരിപാടികളും കഴിഞ്ഞവര്‍ഷം ഉണ്ടായില്ല.
കൊവിഡ് പ്രതിരോധത്തിനായി പൊതു അവധിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പള്ളികള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ഇഫ്താറുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതി നല്കാന് സാധ്യതയില്ല.
സംഘടിത നമസ്കാരത്തിനും ഭജനയിരിക്കലിനും അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. അടുത്ത ആഴ്ചകളിലെ കൊവിഡ് വ്യാപന തോത് അനുസരിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. സമീപ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുകയാണ്. സംഘടനകള്‍ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടില്ല.
സര്‍ക്കാര്‍ അനുമതിയും നിയന്ത്രണങ്ങളും സംബന്ധിച്ച് വ്യക്തത വന്ന ശേഷമേ സംഘടനകള്‍ക്ക് കൂടുതല്‍ മുന്നോട്ട് പോകാനാവൂ. പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെങ്കില്‍ സംഘടനകള്‍ ഓണ്‍ലൈനായി ഉദ്ബോധന ക്ലാസുകള്‍ നടത്തും.
മുന്‍ വര്‍ഷങ്ങളില്‍ പള്ളികളിലെ നോമ്പുതുറ സൗകര്യം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞവര്‍ഷം പള്ളികള്‍ അടഞ്ഞുകിടന്നതിനാല്‍ ഇത് ഉണ്ടായില്ല. സന്നദ്ധ സംഘടനകളുടെ ഭക്ഷണക്കിറ്റ് വിതരണം ആണ് ഒരു പരിധിവരെ ഇതിന് പകരം നിന്നത്.
അതേസമയം, വിപണിയില്‍ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാന്‍ വാണിജ്യ മന്ത്രാലയം പരിശോധനാ സംഘങ്ങള്‍ രൂപവത്കരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക