News Desk

2021-05-06 12:22:26 pm IST

കൊച്ചി: എന്‍.ഡി.എ വൈപ്പിന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ രഞ്ജിത് രാജ്വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ മന്ത്രി തോമസ് ഐസകും സംഘവും അത്താഴവിരുന്നില്‍ പങ്കെടുത്തത് വിവാദത്തില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ഉണ്ണികൃഷ്ണനും സി.പി.ഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് വിരുന്നില്‍ പങ്കെടുത്തത്. 

എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികളും വീട്ടിലുണ്ടായിരുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതാവു കൂടിയാണ് രഞ്ജിത്. ബി.ഡി.ജെ.എസ് രൂപീകരിച്ച കാലം മുതല്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്. 

രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്.എന്‍.ഡി.പി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡന്റാണ്. മാര്‍ച്ച് 28-ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.എന്‍ ഉണ്ണികൃഷ്ണന്‍ വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന ദിനമായതു കൊണ്ട് തോമസ് ഐസകും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

അതേസമയം, വീട്ടിലെത്തിയ നേതാക്കളെ ഏതുപാര്‍ട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുണ്ടായതെന്ന് രഞ്ജിത് പറയുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി എസ്.എന്‍.ഡി.പിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്ന് വിരുന്നില്‍ പങ്കെടുത്ത സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം എ.പി പ്രിനില്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയും സാമുദായിക സംഘടനാ നേതാവുമായ ഒരാളുടെ പിന്തുണ തേടിയാണ് പോയത്. പിന്നീട് ഇടതു സ്ഥാനാര്‍ത്ഥിക്കായി കൃഷ്ണകുമാരി പ്രചാരണത്തിന് ഇറങ്ങിയെന്നും പ്രിനില്‍ ചൂണ്ടിക്കാട്ടി.

എസ് ശര്‍മ്മയുടെ മണ്ഡലമായിരുന്ന വൈപ്പിനില്‍ 8201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ ജയിച്ചത്. ദീപക് ജോയ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആദ്യമായി മത്സരരംഗത്തിറങ്ങിയ ട്വന്റി 20 മണ്ഡലത്തില്‍ 16707 വോട്ടുകള്‍ പിടിച്ചത് നിര്‍ണായകമായി.


ചിത്രത്തിന് കടപ്പാട്: മാതൃഭൂമി


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top