News Desk

2021-09-21 03:33:26 pm IST
റിയാദ്: രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി. ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ വാക്സിന് വേണ്ടി തിരക്ക് കൂട്ടുമ്പോള്‍ വാക്സിന്‍ ലഭ്യമായിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്നവര്‍ ഒന്നുകില്‍ അഹങ്കാരികളോ അല്ലെങ്കില്‍ കുപ്രചാരണങ്ങളില്‍ വിശ്വസിക്കുന്നവരോ ആണെന്ന് സൗദി രോഗപ്രതിരോധത്തിനായുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി കുറ്റപ്പെടുത്തി. 

വാക്സിന്‍ കൊവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മരണവും വലിയൊരു അളവോളം കുറയ്ക്കുമെന്നും പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നത് അഹങ്കാരമാണെന്നും വാക്സിനെതിരായ പ്രചാരണങ്ങള്‍ യാഥാര്‍ഥ്യത്തിനെതിരാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

വാക്സിന്‍ പാവങ്ങളെ നശിപ്പിക്കാനാണെന്നാണ് വാക്സിനെതിരായ പ്രചാരണങ്ങളിലൊന്ന്. വാക്സിന്‍ വിരുദ്ധര്‍ പറയുന്നത് ശരിയാണെങ്കില്‍ ലോകത്തെ സമ്പന്ന രാഷ്ട്രങ്ങള്‍ എന്തിനാണ് വാക്സിന്‍ കുത്തകയാക്കി വയ്ക്കുകയും ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് അവ നല്‍കാതെ അവരെ കൊവിഡിന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

വാക്സിനേഷന്‍ തോത് വര്‍ധിക്കുന്നതിന് അനുസൃതമായി കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതിരിക്കാനാവില്ല. അതിനാല്‍ രണ്ടാം ഡോസ് എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ പേരും എത്രയും പെട്ടെന്ന് അത് എടുക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ രണ്ട് ഡോസ് വാക്സിനിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ രോഗബാധ കുറവാണെന്നും മാത്രമല്ല അവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ തന്നെ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നില്ലെന്നാണ് ഇതിനകമുള്ള അനുഭവമെന്നും അദേഹം വ്യക്തമാക്കി.

രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും രണ്ട് ഡോസ് വാക്സിന്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി ആഹ്വാനം ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top