News Desk

2020-10-28 05:48:19 pm IST
ലക്‌നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടക്കുമെന്ന് ആവര്‍ത്തിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. യു.പിയില്‍ ഗോവധ നിരോധന നിയമം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം. 

എവിടെ നിന്ന് എന്ത് മാംസം പിടിച്ചാലും പരിശോധിക്കുക പോലും ചെയ്യാതെ പശുവിറച്ചിയാണെന്ന നിഗമനത്തില്‍ എത്തുന്ന പതിവ് യു.പിയിലുണ്ടെന്നും ചെയ്യാത്ത കുറ്റത്തിന് നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. മിക്ക കേസുകളിലും മാംസം വിദഗ്ധ പരിശോധനക്ക് അയക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ പശുവിനെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടക്കുമെന്നും പശുക്കളുടെ സംരക്ഷിക്കേണ്ടതിന്റെ  ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും യോഗി പറഞ്ഞു.

നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുമ്പോഴാണ് യോഗിയുടെ പ്രതികരണം. പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഗോശാലകള്‍ നിര്‍മിക്കുമെന്നും യോഗി വ്യക്തമാക്കി.
 
ഗോവധത്തിന്റെ പേരില്‍ അറസ്റ്റിലായ റഹിമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഗോവധ നിരോധന നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചത്. എഫ്.ഐ.ആറില്‍ പേരില്ലാതിരുന്നിട്ടും ഒരു മാസമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റഹിമുദ്ദീന്‍ കോടതിയെ സമീപിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top