Article Desk

സുബിന്‍ കൃഷ്ണന്‍കുട്ടി

2020-05-20 06:04:37 pm IST
കഴിഞ്ഞ മൂന്നാഴ്ചയായിട്ട് ഖത്തറില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചിരികയാണ്. ദിവസേനെ ആയിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് മാത്രം 1491 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഖത്തറില്‍ ആകെ 37,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അനുദിനം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് രാജ്യത്തെ പ്രവാസികളടക്കമുള്ള ജനങ്ങളില്‍ വലിയ ആശങ്ക ജനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. 

കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പിന്നിലെ പ്രധാനകാരണം വിജയകരമായ പരിശോധനകളാണെന്ന് വ്യക്തമാക്കി ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റ് വക്താവുമായ ലുല്‍വ അല്‍ ഖാദിര്‍ രംഗത്തെത്തിയിരുന്നു. വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നെങ്കിലും മൂന്ന് ആഴ്ചയായിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ഇതിനിടെയില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്ന് നിരവധി പ്രവാസികള്‍ പരാതി ഉയര്‍ത്തിയിട്ടുമുണ്ട്. 

പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സര്‍വീസുകള്‍ മാത്രം നിലനിര്‍ത്തി മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ രാജ്യം തയ്യാറായിട്ടില്ല. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പേ രാജ്യ വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ നിലവില്‍ ശകതമായ വൈറസ് വ്യാപനം ചെറുക്കാമായിരുന്നെന്ന് ഖത്തറിലുള്ള പ്രവാസികളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. തൊഴിലാളികള്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ വ്യാവസായിക മേഖലയില്‍ ചില സ്ഥലങ്ങളില്‍ മാത്രമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. 
 
വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും ചില നിര്‍മ്മാണ മേഖലയില്‍ രാജ്യത്ത് സജീവമായി തൊഴിലുകള്‍  നടക്കുന്നുണ്ട്. 2022 ല്‍ രാജ്യത്ത് നടക്കുന്ന ലോകകപ്പിനുള്ള വേദിയൊരുക്കുന്നതിനും, ദേശീയ വിഷന്‍ 2030 ലേക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമെല്ലാം തകൃതിയായി നടക്കുകയാണ്. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂവും ലോക്ഡൗണും നടപ്പിലാക്കിയപ്പോഴും ഖത്തറില്‍ ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കാത്തത് പ്രവാസികളടങ്ങുന്ന രാജ്യത്തെ ജനങ്ങളില്‍ വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 

മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അടുത്തിടപഴകിയതാണ് രാജ്യത്ത് കൊവിഡ് പകരുന്നത് കൂടാന്‍ കാരണമായതെന്നാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം ഇപ്പോള്‍ പറയുന്നത്. കൊവിഡ് ലോക്ഡൗണ്‍ പോലുള്ള കൃത്യമായ നിയന്ത്രണങ്ങളിലൂടെയും ആരോഗ്യ വകുപ്പിന്റയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ചിട്ടയായ പ്രവര്‍ത്തനത്താല്‍ കേരളം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വലിയ വിജയം സൃഷ്ടിക്കുമ്പോള്‍ എന്തുകൊണ്ട് ഖത്തറിനെപ്പോലെയുള്ള വികസിത രാജ്യങ്ങള്‍ക്ക് ഇതിനു കഴിയുന്നില്ല എന്ന ചോദ്യത്തിന് പ്രസക്തി ഏറുകയാണ്.  

മാസങ്ങള്‍ക്കു മുന്‍പ് സമൂഹ വ്യാപനം നടന്നിട്ടും ഈ വൈകിയ വേളയിലാണ്  പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ ഖത്തര്‍  നിര്‍ബന്ധമാക്കിയത്. ഇത് നല്ല കാര്യം തന്നെ. പക്ഷേ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവും, രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ഈടാക്കുക. അതായത് ഏകദേശം നാല്‍പ്പത്തിയൊന്ന് ലക്ഷം ഇന്ത്യ രൂപ വരുമെന്നര്‍ഥം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ലോകത്തെ ഏറ്റവും വലിയ ശിക്ഷയാണ് ഇത്. കൊവിഡ് നിയന്ത്രണാധീതമായി വ്യാപിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള കനത്ത തുക പിഴയായി നല്‍കിയിരിക്കുന്നതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. 

ഖത്തറിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും, ഈ സമയത്ത് രാജ്യം കൈവരിച്ച ചില നേട്ടങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല.  ഖത്തറില്‍ 37,097 പേര്‍ക്ക് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും 15 പേരാണ് മരിച്ചത്. 5,634 പേര്‍ക്ക് രോഗമുക്തിയുമുണ്ടായിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും മരണനിരക്ക് കുറഞ്ഞ രാജ്യമെന്ന ലിസ്റ്റില്‍ ഖത്തര്‍ ഉണ്ടെന്നത് വലിയ കാര്യം തന്നെയാണ്. അത്യാധുനിക നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ രാജ്യത്തുണ്ടെന്ന തെളിവു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 

ഇതിനൊപ്പംതന്നെ, ഖത്തര്‍ പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പ്ളിക്കേഷന്‍ വലിയ മുന്നേറ്റമാണ് രാജ്യത്ത് സൃഷ്ടിച്ചത്. വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും സ്മാര്‍ട്‌ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഖത്തര്‍ പറയുന്നത്. കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധിക്കാന്‍ ആളുകളെ സഹായിക്കുന്നതിനു വേണ്ടിയാണ് രാജ്യത്തെ ഭരണകൂടം ഈ ആപ്‌ളിക്കേഷന്‍ പുറത്തിറക്കിയിരുന്നത്. 

ഇതിനുപുറമെ, വൈറസില്‍ നിന്നും രോഗമുക്തി നേടിയ രോഗികളുടെ ബ്ലഡ് പ്ലാസ്മ  ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതി ഖത്തര്‍ പിന്തുടര്‍ന്നത് വലിയ വിജയമായിരുന്നു. കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനും ജനങ്ങള്‍ക്കിടയില്‍ പ്രകടമായ ലക്ഷണങ്ങളില്ലാത്ത കേസുകളെക്കുറിച്ചും കൂടുതല്‍ മനസിലാക്കുന്നതിനും വേണ്ടി ഡ്രൈവ് ത്രൂ സ്വാബിങ് കേന്ദ്രങ്ങള്‍ നടത്തുന്നതില്‍ പൊതുജനാരോഗ്യമന്ത്രാലയം ശ്രദ്ധപുലര്‍ത്തിയിരുന്നു. ഇത് രോഗവ്യാപനം ചെറുക്കുന്നതിനും മുന്‍കൂട്ടി കണ്ടെത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രദ്ധേയമായ ഇടപെടലാണെന്നതില്‍ തര്‍ക്കമില്ല. 

കൊവിഡ് രോഗികളായ സ്വദേശികളെയും, വിദേശികളെയും ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന് ഖത്തര്‍ ഒരുപോലെയാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ഖത്തറിലെ ജനസംഖ്യയില്‍ വലിയൊരളവുള്ള പ്രവാസികളില്‍ നിന്നും ഉയരുന്ന പരാതികളും ആളങ്കകളും ഖത്തര്‍ പരിഹരിക്കേണ്ടതുണ്ട്.

ALSO WATCH 


Top