News Desk

2021-03-09 11:57:43 am IST
മലപ്പുറം: പൊന്നാനിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ മൂന്ന് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. ഇന്നലെ പരസ്യമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.

സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ.മഷൂദ്, നവസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവച്ചത്. മറ്റ് നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. 

ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനെതിരെ സി.പി.ഐ.എം നേതാക്കള്‍ പ്രതികരിച്ച രീതിയും അണികളെ പ്രകോപിതരാക്കിയിട്ടുണ്ട്. പരമ്പരാഗതമായി സി.പി.ഐ.എം അനുഭാവികളായ കുടുംബങ്ങളില്‍ നിന്നുള്ളവരടക്കം സ്ഥാനാര്‍ത്ഥി പ്രശ്‌നത്തില്‍ തിരിഞ്ഞത് സി.പി.ഐ.എമ്മിന് വെല്ലുവിളിയാണ്.  

പൊന്നാനിയിലെ തീരദേശ മേഖലയിലാണ് നിലവില്‍ പ്രധാനമായും പ്രതിഷേധമുള്ളത്. പി.നന്ദകുമാറിന് വേണ്ടി പ്രചാരണത്തിന് തങ്ങളെ കിട്ടില്ലെന്നാണ് കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ നിലപാട്.

പ്രാദേശിക തലത്തില്‍ താഴെത്തട്ടില്‍ തന്നെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും ജില്ലാ നേതൃത്വം കൃത്യമായി പരിശോധിച്ചില്ല എന്നതാണ് സൂചന. സംസ്ഥാന നേതൃത്വത്തേയും ഇക്കാര്യം ജില്ലാ കമ്മിറ്റി കൃത്യമായി അറിയിച്ചില്ല അതിനാലാണ് അപ്രതീക്ഷിത പ്രതിഷേധം ഉണ്ടായത്.

അതേസമയം, പ്രശ്‌നപരിഹരാത്തിനായി സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിക്ക് നേതൃത്വം പ്രാദേശിക നേതാക്കളെ കാണുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top