News Desk

2021-02-17 05:31:58 pm IST

ദുബൈ: ദുബൈയില്‍ കെട്ടിട നിര്‍മാണ സൈറ്റിലെ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസി തൊഴിലാളിക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നിര്‍മാണ സൈറ്റിലെ നാല് മീറ്റര്‍ നീളമുള്ള കുഴിയില്‍ വീണാണ് പ്രവാസിയ്ക്ക് അപകടം സംഭവിക്കുന്നത്. 

53-കാരനായ ഇന്ത്യന്‍ തൊഴിലാളി ദുബൈയിലെ അല്‍ റുവയ്യ പ്രദേശത്തെ നിര്‍മാണ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഇയാള്‍ കുഴിയിലേയ്ക്ക് വീഴുന്നത്. സാരമായ പരിക്കേറ്റ പ്രവാസിയെ അപ്പോള്‍ തന്നെ റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കോമ സ്റ്റേജിലാവുകയാണുണ്ടായത്. 

ആറു മാസ്‌കക്കാലമായി ഇയാള്‍ കോമയിലാണ്. നിര്‍മാണ സൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍, ഫോര്‍മാന്‍, സൈറ്റ് സൂപ്പര്‍വൈസര്‍ എന്നിവരെ ദുബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈജിപ്ഷ്യന്‍ എഞ്ചിനീയറെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

പ്രവാസി തൊഴിലാളി രാത്രി ഷിഫ്റ്റില്‍ ജോലി എടുക്കുമ്പോഴാണ് സംഭവം നടന്നത്. ജോലിക്കിടെ വിശ്രമിക്കാന്‍ അടുത്തുള്ള റൂമില്‍ കയറിയപ്പോഴാണ് കുഴിയില്‍ വീഴുന്നത്. കുഴിയ്ക്കു മുകളില്‍ കവറോ, മുന്നറിയിപ്പ് അടയാളങ്ങളോ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കുറ്റവാളികള്‍ക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ തൊഴിലാളിക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായും ജീവിതകാലം മുഴുവന്‍ വീല്‍ചെയറിലായിരിക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോടതി പ്രതികളാണെന്നു കണ്ടെത്തിയവര്‍ ഇന്ത്യക്കാരാണ്. ഈജിപ്ഷ്യന്‍ എന്‍ജിനീയറെ വെറുതെവിട്ടു. 

കുറ്റവാളികളെന്നു കണ്ടെത്തിയ ഇന്ത്യക്കാര്‍ 3,000 ദിര്‍ഹം പിഴയടയ്ക്കണം. ശേഷം ഇവരെ നാടുകടത്തും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top